ബംഗളൂരു: വഖഫ് മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സ്‌പെഷ്യൽ സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് കത്തയച്ചു. ഹൈക്കോടതി വിധിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് നടപടി നിർദേശം.
2024 സെപ്തംബർ 26 ന് ഒരു മാധ്യമ ചർച്ചയ്‌ക്കിടെ സമീർ അഹമ്മദ് ഖാൻ നടത്തിയ അഭിപ്രായങ്ങളിൽ നിന്നാണ് വിവാദം ഉടലെടുത്തത്. മുഡ കേസ് സംബന്ധിച്ച 2024 സെപ്തംബർ 24 ലെ ഹൈക്കോടതി വിധിയെ ഒരു “രാഷ്‌ട്രീയ വിധി”എന്ന് വഖ്ഫ് മന്ത്രി പരാമർശിച്ചിരുന്നു.
ഈ പരാമർശം കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും തുരങ്കം വയ്‌ക്കുന്നണതാണെന്ന് ആരോപിച്ച് കോടതിയലക്ഷ്യത്തിന് ഭവനനിർമാണ മന്ത്രി ബി.സെഡ്.സമീർ അഹമ്മദ് ഖാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് എബ്രഹാം ടിജെ ഗവർണർക്ക് പരാതി സമർപ്പിച്ചു.
മുഡ ഭൂമി പതിച്ചുനൽകിയ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടിജെ എബ്രഹാം ഗവർണർക്ക് പരാതി നൽകിയിരുന്നു. പിന്നീട് സിദ്ധരാമയ്യക്കെതിരെ നടപടിക്ക് ഗവർണർ അനുമതി നൽകി. ഇത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ഈ വിധി രാഷ്‌ട്രീയ പ്രേരിതമാണെന്നും രാഷ്‌ട്രീയ വിധിയാണെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.സമീർ അഹമ്മദ് ഖാന്റെ ഈ പ്രസ്താവന സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു ടി ജെ എബ്രഹാം ഗവർണർക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ജമീറിനെതിരെ നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശിച്ചിക്കുന്നത്.