കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ
തലേദിവസം ആരെയൊക്കെ ദിവ്യ വിളിച്ചിരുന്നുവെന്നും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചു. കളക്ടർ അരുൺ കെ വിജയനുമായോ പരാതിക്കാരൻ പ്രശാന്തുമായോ ദിവ്യ സംസാരിച്ചിരുന്നോ എന്നതും എഡിഎമ്മിന്റെ ആത്മഹത്യയ്‌ക്ക് ശേഷമുള്ള കോൾലിസ്റ്റുകളും പൊലീസ് പരിശോധിച്ചതായാണ് വിവരം.
വിശദവിവരങ്ങൾക്ക് ഫോൺ സൈബർ ക്രൈം പൊലീസിന് നൽകിയിരുന്നു. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന വീഡിയോ ദിവ്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടോ, പങ്കുവച്ച ശേഷം ഒഴിവാക്കിയതാണോ, യാത്രയയപ്പിലെ സംഭവങ്ങൾ ചിത്രീകരിക്കാൻ മനഃപൂർവ്വം സ്വകാര്യ ചാനലിനെ വിളിച്ചുവരുത്തിയതാണോ തുടങ്ങിയവയും പൊലീസ് അന്വേഷിച്ചുവരികയാണ്.
നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. നവീൻ ബാബുവിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.