ഭക്ഷണത്തിന് സ്വാദ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ആരോഗ്യത്തിന് ഗുണകരമായവയും ആയിരിക്കണം. സ്വാദുള്ളതും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത ഭക്ഷണങ്ങൾ വിവിധ രോഗകാരികളെ ചെറുക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. ഇങ്ങനെ പ്രകൃതിദത്തമായി രോഗപ്രതിരോധ ശേഷി അടങ്ങിയിട്ടുള്ള ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
1. നാരങ്ങ
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. അതിനാൽ തന്നെ ആന്റി മൈക്രോബിയൽ ഗുണങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും. നാരങ്ങാവെളളം കുടിക്കുന്നത് വിഷവസ്തുക്കൾ ശരീരത്തിൽ നിന്നും പുറന്തള്ളാനും ദഹനം മെച്ചപ്പെടാനും ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ സ്വാഭാവിക പ്രതിരോധം തീർക്കാനും ഇത് സഹായിക്കും.
2. ഗ്രാമ്പൂ
ഗ്രാമ്പുവിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള യൂജെനോൾ സംയുക്തമുണ്ട്. നമ്മുടെ ഭക്ഷണങ്ങൾ പാകം ചെയ്യാൻ പതിവായി ഉപയോഗിക്കുന്ന ഗ്രാമ്പു വായിലെ അണുബാധ തടയാനും തൊണ്ട വേദന കുറയ്‌ക്കാനും സഹായിക്കും. ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോഷിക്കാനും ഗ്രാമ്പു മികച്ചതാണ്.
3. മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള സംയുക്തമാണ്. ഒട്ടുമിക്ക കറികളിലും നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാൻ ഇത് സഹായിക്കും.
4. വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ എന്ന പ്രകൃതിദത്ത ആന്റിബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കും. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, അണുബാധ എന്നിവയുടെ സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
5. ഇഞ്ചി
ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടവയാണ് ഇഞ്ചി. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാനും തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്നു. ഭക്ഷണത്തിലോ ചായയിലോ ഇഞ്ചി ഉൾപ്പെടുത്തുന്നത് ജലദോഷത്തിൽ നിന്ന് ആശ്വാസം നൽകും. മൊത്തത്തിലുള പ്രതിരോധ ശേഷിയും വർധിപ്പിക്കും.