‘ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ’ എന്ന പ്രയോഗം നാം കേട്ടിരിക്കും. ഭക്ഷണത്തിന് ആവശ്യമായ രുചി നൽകണമെങ്കിൽ ഉപ്പ് കൂടിയേ തീരൂ. എന്നാൽ ചില ആളുകൾക്ക് ഉപ്പ് അമിത അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളോട് പ്രത്യേക താത്പര്യമുണ്ടായിരിക്കും. അത്തരക്കാർക്ക് എട്ടിന്റെ പണി വരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
അമിത അളവിൽ ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് പുറമെ കാൻസറിന് വരെ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിന് ഹാനികരമാകുന്ന നിരവധി ഘടകങ്ങൾ ഉപ്പിൽ അടങ്ങിയിരിക്കുന്നു. യുകെ സ്വദേശികളിൽ നടത്തിയ പഠനങ്ങളിൽ വയറ്റിലുണ്ടാകുന്ന കാൻസറുകൾക്ക് ഉപ്പ് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പക്ഷാഘാതം, ഹൃദ്രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയിലേക്കും ഉപ്പിനോടുള്ള അമിതാസക്തി വഴിവച്ചേക്കാം. പാക്കറ്റ് ഫുഡുകളിൽ അമിത അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നവരിലാണ് കൂടുതലായി ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയതെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി പരമാവധി നിയന്ത്രിക്കുന്നത് വഴി ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യതകൾ കുറയ്‌ക്കാം. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് പകരമായി പോഷകഘടകങ്ങൾ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ കഴിക്കാം. രക്തസമ്മർദ്ദം കുറഞ്ഞ ആളുകൾ മിതമായ അളവിൽ ഉപ്പ്, ആഹാരങ്ങളിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.