പത്തനംതിട്ട: പമ്പയിലെ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേയ്‌ക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.
24 മണിക്കൂർ നേരം ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. താത്കാലിക അനുമതിയാണ്. ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിലയ്‌ക്കലിലും പമ്പയിലും ഹിൽടോപ്പിലും ഉൾപ്പെടെ ഒരേസമയം 16,000 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയതായി കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. നിലയ്‌ക്കലിലാണ് പാർക്കിംഗ് സൗകര്യം വിപുലീകരിച്ചത്. പൂർണമായും ഫാസ് ടാഗ് സംവിധാനം ഉപയോഗിച്ചായിരിക്കും പാർക്കിങ്ങെന്നും ദേവസ്വം ബോർഡ് പറഞ്ഞു.