മുനമ്പം: മുനമ്പത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് നീതി നടപ്പിലാക്കി കൊടുക്കാൻ ആരെങ്കിലും തയ്യാറായാൽ അവരെ പിൻവലിപ്പിക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ പറ്റില്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മുനമ്പം സമരത്തെ വർഗീയമായി ചിത്രീകരിച്ച മന്ത്രി അബ്ദുറഹിമാന് മറുപടി നൽകുകയായിരുന്നു ജോസഫ് പാംപ്ലാനി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തിയെങ്കിലും ഇത് നീതിക്കുവേണ്ടിയുളള ഒരു ജനതയുടെ ന്യായമായ നിലവിളിയായിട്ടാണ് പൊതുസമൂഹം മനസിലാക്കുന്നതെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്വം വഹിക്കുന്ന മന്ത്രിയിൽ നിന്ന് അത്തരം പ്രസ്താവനകൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നില്ല. ബിജെപി വർഗീയമായി മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഇരുപക്ഷത്തമുളളവരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമാണ്. മുതലെടുപ്പിന് ആരെങ്കിലും ശ്രമിക്കുമെന്ന് മനസിലാക്കി മുൻകൂട്ടി ജനതയ്‌ക്ക് നീതി നടപ്പാക്കി കൊടുക്കണ്ടതിൽ വീഴ്ച വരുത്തിയതിന്റെ കുറ്റസമ്മതമായി മാത്രമേ അതിനെ കാണാൻ ശ്രമിക്കുന്നുളളൂവെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ പ്രതികരണങ്ങളെ വർഗീയ കണ്ണുകളോടെ കാണാൻ ശ്രമിച്ചുവെന്ന ധാരണ പൊതുസമൂഹത്തിൽ വന്നു. ആരെങ്കിലും ആ രീതിയിൽ പറയിപ്പിച്ചതോ തെറ്റിദ്ധാരണകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് കരുതാനോ ആണ് താൽപര്യമെന്നും ബിഷപ്പ് മാർ പാംപ്ലാനി കൂട്ടിച്ചേർത്തു.
മുനമ്പത്തെ ജനങ്ങൾ സമരരംഗത്തേക്ക് ഇറങ്ങുന്നത് വരെയും അവരുടെ ആവശ്യങ്ങൾ ന്യായമാണ് എന്ന പ്രതികരണങ്ങൾ ഉണ്ടായില്ല എന്നതാണ് ഈ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച. കേരളത്തിൽ അങ്ങോളമിങ്ങോളം ചർച്ച ചെയ്യുന്ന വിഷയമായി ഇത് മാറി. ഹൈക്കോടതി വിധി പ്രത്യാശ നൽകുന്നതാണ്. വഖ്ഫ് അവകാശവാദം സാമാന്യനീതിയുടെ ലംഘനമാണെന്ന നിലപാടിനുളള നിയമസാധുത നൽകുന്നതാണ് കോടതിയുടെ നിലപാട് എന്ന് കരുതുന്നു. കഷ്ടതയനുഭവിക്കുന്ന ജനതയ്‌ക്ക് ലഭിക്കാൻ പോകുന്ന നീതിയുടെ നാന്ദിയാണിതെന്നും മാർ ജോസഫ് പാംപ്ലാനി പറയുന്നു.
പക്ഷെ നിലവിലെ വഖ്ഫ് നിയമത്തിലെ ചില വ്യവസ്ഥകൾ സാമാന്യ നീതിക്ക് നിരക്കാത്തതും നീതിയുടെ ലംഘനവുമാണ്. ചാവക്കാടും തളിപ്പറമ്പിലുമൊക്കെ കഷ്ടതകൾ അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം പൊതുസമൂഹം ഉണ്ടാകും അവർക്കൊപ്പം കത്തോലിക്കാ സഭയും ഉണ്ടാകും. പ്രശ്‌നത്തെ വ്യാപകമാക്കി എല്ലാവരെയും ഭീതിയുടെ നിഴലിലാക്കാമെന്ന് ആരും തെറ്റിദ്ധരിക്കുകയും വേണ്ട.
മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ല എന്ന് തുറന്നുപറയാനുളള രാഷ്‌ട്രീയ ഇച്ഛാശക്തി ഭരണകൂടം കാണിച്ചാൽ പത്ത് മിനിറ്റ് വേണ്ട ഒരു മിനിറ്റ് കൊണ്ട് തീരാവുന്ന പ്രശ്‌നമേയുളളൂ അതിനുളള രാഷ്‌ട്രീയ ഇച്ഛാശക്തി വോട്ട് ബാങ്ക് രാഷ്‌ട്രീയം മറന്നുവെച്ച് കൊണ്ട് നേതാക്കൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.