ഗോയാനിയ: സഹപ്രവർത്തകൻ അപമര്യാദയായി പെരുമാറിയതിന് കരണത്തടിച്ച യുവതിയെ കഴുത്തുഞ്ഞെരിച്ചു കൊന്നു. 38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്. കെയർഗിവറായിരുന്നു യുവതി. വയോധികരെ പരിപാലിക്കുന്നതാണ് ജോലി. സഹപ്രവർത്തകൻ ബസ്തോസ് സാന്റോസിന് യുവതിയോട് അടുപ്പം തോന്നുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ നാല് കുട്ടികളുടെ അമ്മയും നവവധുവുമായ യുവതി ഇതിന് വിസ്സമതിച്ചു. മോശമായി പെരുമാറിയ സഹുപ്രവർത്തകന്റെ കരണത്തടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായി തൽക്ഷണം യുവതിയെ കൊല്ലുകയായിരുന്നു പ്രതി.
വിവാഹം കഴിഞ്ഞ് വെറും എട്ട് ദിവസം മാത്രം പിന്നിടുമ്പോഴായിരുന്നു യുവതിയുടെ അന്ത്യം. ബ്രസീലിലെ ഗോയാനിയയിലാണ് സംഭവം നടന്നത്. യുവതിക്ക് നാല് മക്കളാണുള്ളത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഏറെ നാൾ ഡേറ്റ് ചെയ്തതിന് ശേഷമാണ് ഒടുവിൽ വിവാഹിതരായതെന്ന് ഭർത്താവ് പ്രതികരിച്ചിരുന്നു.
നവംബർ അഞ്ചിനാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ യുവതി ജോലി ചെയ്തിരുന്ന വീടിന്റെ തൊട്ടടുത്തെ പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. വയോധികർക്ക് ഉപയോഗിക്കുന്ന ഡയപ്പർ ടേപ്പ് ഉപയോഗിച്ച് യുവതിയുടെ കൈകൾ ബന്ദിക്കുകയും കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പ്രതി വെളിപ്പെടുത്തി. ഇയാളെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.