കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം മാത്രം പവന് 1,080 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണം.
നവംബർ തുടക്കത്തിൽ 59,000 കടന്ന സ്വർണവിലയാണ് ഇപ്പോൾ കുത്തനെ ഇടിഞ്ഞ് 56,000ത്തിന് താഴേക്ക് എത്തിയിരിക്കുന്നത്. 60,000 കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് പെട്ടെന്ന് വിലയിടിഞ്ഞത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം സ്ഥിരീകരിച്ചതിന് പിന്നാലെ സ്വർണവില കുത്തനെ താഴോട്ട് പതിക്കുകയായിരുന്നു.
അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണനിരക്കിനെ ബാധിക്കുന്നത്. ട്രംപിന്റെ വിജയത്തെ തുടർന്ന് വിലയിടിഞ്ഞെങ്കിലും ഇത് താത്കാലികം മാത്രമാണെന്നും പവൻ നിരക്ക് വൈകാതെ 70,000 തൊടുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.