കൊല്ലം: കൊട്ടാരക്കരയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പൂവത്തൂർ സ്വദേശി നിത്യാന്ദൻ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
പനിയും കടുത്ത തലവേദനയും മറ്റ് ശാരീരികാസ്വസ്ഥതകളുമായി കഴിഞ്ഞ ദിവസമാണ് നിത്യാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ ഇയാളുടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. മഴക്കാലമായതിനാൽ എലിപ്പനി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.















