ബീജിംഗ്: നവജാതശിശുവിന് ഇരുണ്ട നിറമാണെന്നാരോപിച്ച് പിതൃത്വ പരിശോധന നടത്തണമെന്ന് 30-കാരിയോട് ആവശ്യപ്പെട്ട് ഭർത്താവ്. ചൈനയിലാണ് സംഭവം. നവജാതശിശുവിനെ ആദ്യമായി കണ്ടതിന് പിന്നാലെയാണ് ഭർത്താവ് ആവശ്യം ഉന്നയിച്ചത്. ഭർത്താവിന് തന്നെ വിശ്വാസമില്ലെന്നും വഞ്ചിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി യുവതി വിവാഹമോചനം തേടി.
സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ടതോടെ ഭർത്താവ് തുറിച്ച് നോക്കി. കുഞ്ഞിനെ എടുക്കാൻ കൂട്ടാക്കിയില്ല. കുട്ടിയുടെ നിറം കണ്ട് ഞെട്ടിപ്പോയെന്നാണ് ഭാര്യയോട് പറഞ്ഞത്. കുട്ടി എങ്ങനെയാണ് ഇരുണ്ട നിറമായി പോയതെന്ന് ചോദിച്ചതായും യുവതി പറഞ്ഞു. താൻ ഒരിക്കലും ആഫ്രിക്കയിൽ പോയിട്ടില്ലെന്നും കറുത്ത വർഗക്കാരെ അറിയില്ലെന്നും 30-കാരി മറുപടി നൽകി. യാതൊന്നും പറയേണ്ടെന്നും പിതൃത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. സമ്മതിച്ചെങ്കിലും വിശ്വാസം നഷ്ടപ്പെട്ടതിൽ യുവതിക്ക് വിഷമം തോന്നി. പിന്നാലെയാണ് വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഈ സംഭവമാണ് ചൈനീസ് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ വിവരമില്ലായ്മയെ കുറിച്ച് പറഞ്ഞുകൊണ്ട് യുവതിക്ക് പിന്തുണ നൽകുകയാണ് ഉപയോക്തക്കൾ. ജനന സമയത്ത് കുട്ടികൾക്ക് നിറവ്യത്യാസമുണ്ടാകുമെന്നും ചിലപ്പോൾ ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോൾ സ്വാഭാവിക നിറത്തിലേക്ക് എത്തുമെന്നും പറയുന്നു. കുഞ്ഞുങ്ങളുടെ ചർമകോശം നേർത്തതാണെന്നും രക്തചംക്രമണം ക്രമമായി നടക്കില്ലെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. കുട്ടികൾ ജനിക്കുമ്പോൾ നീല നിറത്തിലുള്ള ചർമമാകും. വളരുന്തോറും നിറത്തിൽ വ്യത്യാസം വരാമെന്നാണ് മെഡിക്കൽ ന്യൂസ് ടുഡേ പറയുന്നത്.















