ഇന്ത്യൻ വംശജർക്കെതിരെ പരസ്യമായി വംശീയ പരാമർശം നടത്തിയ യുവതിക്കെതിരെ നടപടി. എയർപോർട്ടിൽ വച്ച് ഇന്ത്യക്കാരെ അവഹേളിച്ച യുവതിയെ എയർലൈൻ അധികൃതർ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. അമേരിക്കൻ വനിതക്കെതിരെയാണ് നടപടി. യുണൈറ്റഡ് എയർലൈൻസ് യാത്രക്കാരിയായിരുന്ന ഇവർ ലോസ് ആഞ്ചൽസ് എയർപോർട്ടിൽ വച്ചായിരുന്നു ഇന്ത്യൻ വംശജർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയ യുവതി ബസിലുണ്ടായിരുന്ന വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ പർവേസ് തൗഫീക്കും അദ്ദേഹത്തിന്റെ ഇന്ത്യൻ-അമേരിക്കൻ കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നു. ഇന്ത്യക്കാർ പ്രാന്തൻമാരാണെന്ന് ആക്രോശിച്ചുകൊണ്ട് ഇവർ പ്രശ്നമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങൾ തൗഫീക്ക് കാമറയിൽ പകർത്തിയിരുന്നു. കാരൻ എന്ന അമേരിക്കൻ വനിതയുടെ വിദ്വേഷ വാക്കുകൾക്ക് തൗഫീക്കിന്റെ രണ്ട് ചെറിയ കുഞ്ഞുങ്ങളടങ്ങുന്ന കുടുംബമാണ് ഇരയായത്.
കുട്ടികളെ ചീത്തവിളിച്ച കാരൻ, അവരോട് വാ തുറക്കരുതെന്ന് ആവശ്യപ്പെട്ടു. “ഷട്ട് അപ്, നിങ്ങളുടെ കുടുംബം ഇന്ത്യയിൽ നിന്നുള്ളതാണ്, നിങ്ങൾക്ക് നിയമങ്ങളോട് യാതൊരു ബഹുമാനവുമില്ല, ഇന്ത്യക്കാർ പ്രാന്തന്മാരാണ്. ” കാരൻ പറഞ്ഞു. ഫ്ലൈറ്റിൽ പ്രവേശിക്കാനായി എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയതിന് പിന്നാലെയായിരുന്നു സംഭവം. വിദ്വേഷം വിളമ്പുന്നതിനിടെ കുട്ടികളടങ്ങുന്ന കുടുംബത്തെ അസഭ്യം പറയാനും യുവതി മറന്നില്ല. കാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങളെല്ലാം തൗഫീക്ക് പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതോടെ യുണൈറ്റഡ് എയർലൈൻസ് ഈ സ്ത്രീയെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇനിമുതൽ അവർക്ക് പ്രസ്തുത എയർലൈനിന്റെ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ല.