ന്യൂഡൽഹി: ഗോധ്ര കൂട്ടക്കുരുതി അഭ്രപാളികളിൽ ആവിഷ്‌കരിച്ച ‘ ദി സബർമതി റിപ്പോർട്ട്’ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ എംപിമാർക്കൊപ്പം പാർലമെന്റ് കോംപ്ലക്‌സ് ലൈബറിയിലെത്തിയാണ് അദ്ദേഹം സിനിമ ആസ്വദിച്ചത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിലൂടെ പങ്കിട്ടു.
” സബർമതി റിപ്പോർട്ട് എൻഡിഎയിലെ എംപിമാർക്കൊപ്പം കണ്ടു. ചിത്രത്തിന്റെ നിർമാതാക്കളെയും അവരുടെ പ്രയത്‌നത്തെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.”- പ്രധാനമന്ത്രി കുറിച്ചു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് മാസിയും പ്രധാനമന്ത്രിക്കൊപ്പം സിനിമയുടെ പ്രദർശനത്തിനെത്തിയിരുന്നു.
Joined fellow NDA MPs at a screening of ‘The Sabarmati Report.’
I commend the makers of the film for their effort. pic.twitter.com/uKGLpGFDMA
— Narendra Modi (@narendramodi) December 2, 2024
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമിരുന്ന് തന്റെ സിനിമ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിക്രാന്ത് മാസെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം തന്റെ സിനിമ കണ്ടത് കരിയറിലെ ഏറ്റവും വലിയ മുഹൂർത്തമാണ് . പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാവരും ഒപ്പമുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് എനിക്ക് ആ അനുഭവം പറഞ്ഞറിയിക്കാനാകുന്നില്ലെന്നും മാസെ കൂട്ടിച്ചേർത്തു. എല്ലാ സിനിമാസ്വാദകരും സബർമതി റിപ്പോർട്ട് കാണാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സബർമതി റിപ്പോർട്ട് പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചിരുന്നു. സാധാരണ ജനങ്ങൾക്ക് കാണാനായി സത്യങ്ങൾ പുറത്തുവരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്, ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ! ഗുജറാത്തിൽ വ്യാപകമായ അശാന്തിക്ക് കാരണമായി. ഒടുവിൽ വസ്തുതകൾ പതിയെ പുറത്തുവരും” ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചിരുന്നു.
2002 ഫെബ്രുവരി 27 ന് സബർമതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചിന് തീവെച്ച് 59 കർസേവകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. അയോദ്ധ്യയിൽ നിന്ന് മടങ്ങിയ കർസേവകരായിരുന്നു ട്രെിയിനിലെ കോച്ചുകളിൽ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടും. വളച്ചൊടിച്ച് പ്രചരിക്കപ്പെട്ട നുണകളെ സിനിമയിലൂടെ പൊളിച്ചടുക്കുന്നുവെന്നും സത്യം മുന്നിലെത്തിയെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.