തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ദിവ്യാംഗനായ വിദ്യാർത്ഥിക്കും സുഹൃത്തിനും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം. ലോക ഭിന്നശേഷി ദിനാചരണ പരിപാടികൾ നടക്കുന്നതിനിടെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു.
പൂവച്ചാൽ പെരുങ്കുഴി കൊണ്ണിയൂർ സ്വദേശി മുഹമ്മദ് അനസിനാണ് സ്വാധീനമില്ലാത്ത കാലിലും തലയിലും വടി കൊണ്ട് അടിയേറ്റത്. സുഹൃത്ത് അഫസലിനും മർദ്ദനമേറ്റു. എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കതിരുന്നതിന്റെ പ്രകോപനത്തിലായിരുന്നു ക്രൂര മർദ്ദനം. രണ്ടാം വർഷ വിദ്യാർത്ഥിയാണ് അനസ്. കോളേജ് യൂണിയൻ ഭാരവാഹികളും വിദ്യാർത്ഥികളുമായ ജമൽ ചന്ദ്, മിഥുൻ, അലൻ ജമാൽ, രണ്ടാം വർഷ വിദ്യാർത്ഥി വിധു ഉദയ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കോളേജിലെ യൂണിയൻ റൂമിൽ എത്തിച്ചായിരുന്നു കുട്ടിസഖാക്കളുടെ ശിക്ഷാ നടപടി. മുഖത്തും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. സ്വാധീനമില്ലാത്ത കാലിൽ തുടരം അടിച്ചതായി അനസ് പരാതിയിൽ പറയുന്നു. അനസിന്റെ നിലവിളികേട്ടെത്തിയതാണ് സുഹൃത്ത് അഫ്സൽ. ഇതിനിടയിലാണ് അതിക്രമം ഉണ്ടായത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.















