ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ-2 ഒടുവിൽ തിയറ്ററിലെത്തുന്നുവെന്ന സന്തോഷത്തിലാണ് ആരാധകർ. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തിന്റെ പ്രീ സെയിൽസ് കണക്കുകളാണ് പുറത്തുവരുന്നത്. ബാഹുബലി- 2, ആർആർആർ, കെജിഎഫ്, ലിയോ, കൽക്കി തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പ്രീ സെയിൽസ് റെക്കോർഡുകളാണ് പുഷ്പ- 2 മറികടന്നിരിക്കുന്നത്.
കേരളത്തിൽ മാത്രം രണ്ട് കോടിയിലേറെ പ്രീസെയിൽസ് ബുക്കിംഗ് നടന്നു. 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. കേരളത്തിൽ 500 സ്ക്രീനുകളിൽ ചിത്രമെത്തും. പുലർച്ചെ നാല് മണിക്കാണ് ആദ്യ ഷോ. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പുഷ്പരാജിന്റെ രണ്ടാം വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ ഗാനങ്ങൾക്കും ട്രെയിലറിനും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുഷ്പ- 2 ന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാൾ ഉഗ്രൻ മേക്കിംഗാണ് രണ്ടാം ഭാഗത്തിലുള്ളത്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പുഷ്പയിലെ ഡയലോഗുകളാണ് സോഷ്യൽ മീഡിയയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ. ഗംഭീരമായ റിലീസിംഗ് മാമാങ്കത്തിനാണ് സിനിമാപ്രേമികൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യ ഭാഗത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഫഹദ് ഫാസിൽ രണ്ടാം ഭാഗത്തിൽ എന്ത് മാന്ത്രികതയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാനുള്ള അതിയായ ആകാംക്ഷയും ആരാധകർക്കുണ്ട്. ആദ്യ ഭാഗത്തിൽ ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കിയ പുഷ്പ രണ്ടാം ഭാഗത്തിൽ എന്തൊക്കെ നേടിയെടുക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് പ്രേക്ഷകർ പറയുന്നത്.