അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ ടെലിവിഷൻ പരസ്യങ്ങൾ പകൽസമയത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനൊരുങ്ങി യുകെ സർക്കാർ. ഗ്രനോള, മഫിൻസ്, തുടങ്ങി ജംഗ് ഫുഡ് പട്ടികയിൽ ഉൾപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യം പകൽസമയത്ത് നിരോധിക്കാനാണ് സർക്കാർ നീക്കം. കുട്ടികളിലെ അമിതവണ്ണം വൻതോതിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 2025 ഒക്ടോബർ മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
യുകെയിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന അമിതവണ്ണത്തിന്റെ നിരക്ക് വർദ്ധിക്കുകയാണെന്ന് വ്യക്തമാക്കി നാഷണൽ ഹെൽത്ത് സർവീസ് പുറത്തിറക്കിയ റിപ്പോർട്ടാണ് സർക്കാർ നടപടിക്ക് ആധാരം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 9.2% പേർക്കും അമിതവണ്ണമുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ അഞ്ച് വയസുള്ള 23.7% കുട്ടികൾക്കും അമിതമായി മധുരം കഴിക്കുന്നതിന്റെ ഫലമായി ദന്തക്ഷയവുമുണ്ട്.
ഫാസ്റ്റ് ഫുഡ്, ശീതള പാനീയങ്ങൾ, റെഡി മീൽസ്, പേസ്ട്രീസ്, സെറിയൽ ബാഴ്സ്, സ്വീറ്റ് യോഗർട്ട് എന്നീ ഭക്ഷ്യപദാർത്ഥങ്ങൾ ആരോഗ്യദായകമല്ലെന്നാണ് സർക്കാർ കണക്കാക്കുന്നത്. അതിനാൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അധികമുള്ള പദാർത്ഥങ്ങളുടെ ടെലിവിഷൻ പരസ്യങ്ങളെല്ലാം പകൽസമയത്ത് നിരോധിക്കാമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു. ജനപ്രിയ ഭക്ഷണങ്ങളായ ക്രോയിസന്റുകൾ, പാൻകേക്കുകൾ, വേഫിൾസ്, ഷുഗറി സെറിയൽസായ ഗ്രനോള, മ്യൂസ്ലി, ഇൻസ്റ്റന്റ് പോറിഡ്ജ് എന്നിവ, പഞ്ചസാര ചേർത്ത യോഗർട്ടുകൾ, ഫ്രിസി ഡ്രിങ്കുകൾ, ചില ഫ്രൂട്ട് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ, ലെന്റിൽ ചിപ്സ്, ബോംബെ മിക്സ് തുടങ്ങിയവയെല്ലാം നിയന്ത്രിത ഭക്ഷണങ്ങളാണെന്ന് സർക്കാർ വ്യക്തമാക്കി. ട്രഡീഷണൽ ഹാംബർഗറുകളും ചിക്കൻ നഗ്ഗറ്റ്സും ഉൾപ്പടെ നിയന്ത്രിക്കേണ്ടതാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക വഴി പ്രതിവർഷം 20,000 കേസുകൾ വരെ ഒഴിവാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. കുരുന്നുകൾക്ക് പോലും പൊണ്ണത്തടി കാരണം രോഗങ്ങൾ പിടിപെടുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായത്. നേരത്തെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ടെലിവിഷൻ പരസ്യങ്ങൾ വിലക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഭക്ഷ്യകമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നതിനാൽ ഇത് കൈകാര്യം ചെയ്യാൻ സമയം അനുവദിച്ചതിന്റെ ഭാഗമായാണ് വിലക്ക് നീണ്ടത്.