മുംബൈ: മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിപദത്തിലേക്കുളള സത്യപ്രതിജ്ഞയ്‌ക്കായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തിലകം തൊട്ട് യാത്രയാക്കിയത് അമ്മ സരിത ഫഡ്‌നാവിസ്. പുതിയ സീസണിന്റെ തുടക്കം അമ്മയുടെ അനുഗ്രഹത്തോടെയെന്ന് പറഞ്ഞ് ഫഡ്‌നാവിസ് തന്നെയാണ് ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തത്.
നേരത്തെ സത്യപ്രതിജ്ഞയ്‌ക്കുളള ഔദ്യോഗിക ക്ഷണക്കത്തിൽ തന്റെ പേരിനൊപ്പം അമ്മയുടെ പേരും ഫഡ്‌നാവിസ് ചേർത്തതും വാർത്തയായിരുന്നു. ഫലപ്രഖ്യാപന ദിവസം വിജയിച്ച ശേഷം അമ്മയെ ഫോൺ വിളിക്കുന്ന ഫഡ്‌നാവിസിന്റെ ദൃശ്യങ്ങളും വാർത്താചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗോപൂജ ഉൾപ്പെടെ നടത്തി അനുഗ്രഹം തേടിയാണ് ഫഡ്‌നാവിസ് സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്.
ഇതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
മൂന്നാം തവണയാണ് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേൽക്കുന്നത്. ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും പക്ഷെ ഇത് നൽകുന്ന ഉത്തരവാദിത്വം വലുതാണെന്നും അദ്ദേഹത്തിന്റെ പത്‌നി അമൃത ഫഡ്‌നാവിസ് പ്രതികരിച്ചു. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ആറാം തവണയാണ് ഫഡ്‌നാവിസ് എംഎൽഎ ആകുന്നത് മുഖ്യമന്ത്രിയായി മൂന്നാം തവണയും. അതുകൊണ്ടു തന്നെ വലിയ ഉത്തരവാദിത്വമാണുളളത് അമൃത ഫഡ്‌നാവിസ് പറഞ്ഞു. ലഡ്കി ബഹൻ പോലുളള മഹായുതി സഖ്യസർക്കാരിന്റെ പദ്ധതികൾ വളരെ ഗുണകരമാണെന്നും അവർ കൂട്ടിച്ചേർത്തു. മഹാരാഷ്‌ട്രയിലെ വനിതകളെ ശാക്തീകരിക്കാനും അവർക്ക് സംസ്ഥാനത്തെ നേതാക്കളുമായും ഭരണകർത്താക്കളുമായുളള അടുപ്പം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അമൃത ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയുടെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഫഡ്‌നാവിസ്.
മുംബൈയിലെ ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോളിവുഡ് താരങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള മുഖ്യമന്ത്രിമാരും ഉൾപ്പെടെ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മഹായുതി സഖ്യത്തിൽ 132 സീറ്റുകളാണ് ബിജെപി ഒറ്റയ്‌ക്ക് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷവും ബിജെപിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ കക്ഷി. ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ പിന്തുണയോടെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും പിന്നീട് ശിവസേന പിന്തുണ പിൻവലിക്കുകയും സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയുമായിരുന്നു.
കോൺഗ്രസും ഉദ്ധവ് താക്കറെയും ശരദ് പവാറും നേതൃത്വം നൽകിയ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സർക്കാരായിരുന്നു പിന്നീട് സംസ്ഥാനത്ത് ഭരിച്ചത്. എന്നാൽ ഇടയ്‌ക്ക് വെച്ച് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ഒരു വിഭാഗം എംഎൽഎമാർ ഉദ്ധവ് താക്കറെയുടെ നിലപാടുകളോട് വിയോജിച്ച് പാർട്ടി വിടുകയും ബിജെപിക്ക് പിന്തുണ നൽകി പുതിയ സർക്കാർ രൂപീകരിക്കുകയുമായിരുന്നു. ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും എല്ലാവരെയും അമ്പരിപ്പിച്ച് ഷിൻഡെ ആയിരുന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഫഡ്‌നാവിസ് പിന്നീട് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.