മിക്ക ആളുകൾക്കും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. പോഷകഗുണത്തിൽ ചപ്പാത്തിയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. പ്രമേഹ രോഗബാധിതരും അമിത വണ്ണമുള്ളവരും രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കി ചപ്പാത്തി കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. മാവ് കുഴച്ച് ഉരുളയാക്കി ചപ്പാത്തി പരത്തിയെടുക്കാൻ മിക്ക ആളുകളും അടുക്ക സ്ലാബുകളെ ആയിരിക്കും ആശ്രയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പരത്തുന്നത് നല്ലതാണോ? അറിയാം..
വൃത്തിയില്ലാതെ കിടക്കുന്ന സ്ലാബുകളിലിട്ട് ചപ്പാത്തി പരത്തുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. ചപ്പാത്തിക്ക് പുറമെ മിക്ക ഹോട്ടലുകളിലും പൊറോട്ട പരത്തുന്നതും ഇത്തരം വൃത്തിരഹിതമായ സ്ലാബുകളിലായിരിക്കും. വൃത്തിയാക്കാത്ത സ്ലാബുകളിൽ നിരവധി ബാക്ടീരിയകളുണ്ടാകുന്നു. ഇത് ഛർദ്ദി, വറിളക്കം, വറുവേദന തുടങ്ങിയവയിലേക്കും ഭക്ഷ്യവിഷബാധയിലേക്കും വഴിവയ്‌ക്കുന്നു.
എന്നാൽ നന്നായി കഴുകി വൃത്തിയാക്കിയ സ്ലാബുകളിൽ ബട്ടർ പേപ്പർ വിരിച്ച് മാവ് കുഴക്കുന്നതും പരത്തുന്നതും ശരീരത്തിന് അധികം ദോഷം ചെയ്യില്ല. ഇതുവഴി ഭക്ഷണം വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്നു. അടുക്കള സ്ലാബിൽ ആവശ്യത്തിനുള്ള സ്ഥലമുള്ളതിനാൽ മാവ് കുഴയ്‌ക്കുന്നത് എളുപ്പത്തിലാക്കുന്നു. ഇതിനുപുറമെ കൃത്യമായി പരത്താനും സാധിക്കുന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ നിന്നോ ഇരുന്നോ മാവ് കുഴയ്‌ക്കുന്നതും പരത്തുന്നതും ശരീര വേദനയ്‌ക്ക് കാരണമായേക്കാം. എന്നാൽ സ്ലാബുകളിൽ പരത്തുന്നത് ജോലി കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.