സോഷ്യൽ മീഡിയയിൽ സ്കിൻ കെയർ വീഡിയോയ്‌ക്ക് ആരാധകർ ഏറെയാണ്. സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ സ്കിൻ കെയർ റുട്ടിൻ പങ്കുവെയ്‌ക്കാറുണ്ട്. ക്രീമുകളുടെയും പ്രൊഡക്റ്റുകളുടെയും പ്രൊമോഷൻ കൂട്ടിച്ചേർത്താണ് പലരും രഹസ്യം പുറത്ത് വിടുന്നതെന്നാണ് പരസ്യമായ രഹസ്യം.
ബോളിവുഡ് നടിയും മോഡലുമായ ഐഷാ ശർമ്മയും തന്റെ സ്കിൻ കെയർ റുട്ടിൻ റീൽസ് രൂപത്തിൽ പങ്കുവെച്ചിരുന്നു. എന്നാൽ സൗന്ദര്യം നിലനിർത്താനുള്ള ഐഷയുടെ ‘പെടാപ്പാട്’ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.
ആദ്യം ഐഷ ഒരു ഫേഷ്യൽ മിസ്റ്റ് സ്പ്രേ ചെയ്യുന്നു. മുഖത്തെ ജലാംശം നിലനിർത്തുന്നതിനും വരൾച്ച തടയുന്നതിനുമാണിത്. അടുത്തതായി ബ്ലൂ-ലൈറ്റ് തെറാപ്പി ഉപകരണം കൊണ്ടുള്ള മസാജാണ്. തുടർന്ന് ലെഡ് ഹെയർ ഗ്രോത്ത് ഹെൽമെറ്റ് ധരിക്കുകയാണ് താരം. കണ്ണിന് താഴെ കറുത്ത നിറത്തിലുള്ള പാച്ചസ് ഉപയോഗിച്ചതിന് ശേഷമാണ് ഹെൽമെറ്റ് ഉപയോഗിക്കുന്നത്. ഈ വർഷം ചർമ്മസംരക്ഷണത്തിനായി 109,500 മിനിറ്റ് ചെലവഴിച്ചുവെന്നും നടി പറയുന്നു.
മൈക്രോ കറന്റ് ഫേഷ്യൽ ഡിവൈസാണ് ബ്ലൂ-ലൈറ്റ് തെറാപ്പിക്ക് ഉപയോഗിക്കുന്നത്. മുൻപ് തന്നെ മുഖസൗന്ദര്യത്തിന്റെ രഹസ്യം മൈക്രോ കറന്റ് ഫേഷ്യലാണെന്ന് നടി പറഞ്ഞിരുന്നു. എവിടെ പോയാലും ഇത് കയ്യിൽ കരുതുമെന്നും നടി വെളിപ്പെടുത്തിയിരുന്നു.