വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതിന് പിന്നാലെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം. ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം രാവിലെ ഒമ്പത് മണിയോടെയാണ് മാർപാപ്പയെ സന്ദർശിച്ചത്. സ്ഥാനാരോഹണത്തിന് മുന്നോടിയായി പ്രത്യേക പരിഗണന ലഭിച്ചതിന്റെ ഭാഗമായാണ് ഇന്ത്യൻ സംഘത്തിന് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ്, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരുൾപ്പടെയുള്ള പ്രതിനിധി സംഘമാണ് മാർപാപ്പയെ കണ്ടത്. കൂവക്കാട് പിതാവിനെ കർദിനാളായി ഉയർത്തിയതിൽ സംഘം നന്ദി അറിയിച്ചു. മാർപാപ്പയെ നേരിൽ കണ്ട് ഇന്ത്യൻ സർക്കാരിന്റെ ആശംസകൾ കൈമാറിയെന്നും ജോർജ് കുര്യൻ പ്രതികരിച്ചു.
വൈദികനിൽ നിന്ന് കർദിനാളായി ഉയരുകയെന്നത് ചരിത്രസംഭവമാണെന്നും ഇത് എല്ലാവർക്കും അഭിമാനമേകുന്ന നിമിഷമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേരളത്തിന് മാത്രമല്ല, ഇന്ത്യക്ക് മുഴുവൻ അഭിമാനം നൽകുന്ന സ്ഥാനാരോഹണ ചടങ്ങാണ് വത്തിക്കാനിൽ നടക്കാൻ പോകുന്നതെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും പ്രതികരിച്ചു.
മാർ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിക്കുക. ഫ്രാൻസിസ് മാർപാപ്പ ചടങ്ങിന് മുഖ്യകാർമികത്വം വഹിക്കും. നിരവധി മലയാളികളാണ് ചടങ്ങിന് സാക്ഷിയാകാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്നത്.