തിരുവനന്തപുരം: 17-കാരിയെ വിവാഹം ചെയ്തയാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ 24-കാരനെതിരെയാണ് അയിരൂർ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്.
ആറ് മാസം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പെൺകുട്ടിയുടെ വയസ് മറച്ചുവച്ച് വിവാഹം നടത്തിയതിന് പെൺകുട്ടിയുടെ മാതാപിതാക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ പെൺകുട്ടി ഗർഭിണിയായി. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.
പിന്നാലെ ഡോക്ടർ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തു. വിവാഹം ചെയ്ത യുവാവ്, യുവാവിന്റെ മാതാപിതാക്കൾ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവരും കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.















