വിവാഹത്തിന് മുന്നോടിയായി നിരവധി കാര്യങ്ങൾ നോക്കേണ്ടതുണ്ട്, അല്ലേ? സദ്യ ഒരുക്കണം, പന്തലിടണം ഇതുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിലൊന്നാണ് കല്യാണക്കുറി അടിച്ചിറക്കി ആളുകളെ ക്ഷണിക്കുന്നതും. വ്യത്യസ്ത തരത്തിലുള്ള കല്യാണക്കുറികൾ ലഭിക്കുമെങ്കിലും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത് ആലപ്പുഴക്കാരൻ ഭജലാലിന്റെ കല്യാണകുറിയാണ്.
എറണാകുളം പള്ളുരുത്തി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റായ ഭജലാൽ ഭൂനികുതിയടയ്‌ക്കുന്ന രസീതിന്റെ മാതൃകയിലാണ് കല്യാണക്കുറി തയ്യാറാക്കിയിരിക്കുന്നത്. കല്യാണക്കുറി കിട്ടുന്നവർ ആദ്യം ഒന്നും ഞെട്ടുമെങ്കിലും സൂക്ഷിച്ചു നോക്കുന്നതോടെ കാര്യം മനസിലാകും. സർക്കാർ മുദ്രയ്‌ക്ക് പകരം കല്യാണക്കുറിയിൽ ഗണപതിയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.
ഇതിന് താഴെയായി ക്ഷണക്കത്തെന്ന് എഴുതിയിരിക്കുന്നതും കാണാം. തുടർന്ന് കോളങ്ങളിലായി വധുവിന്റെയും വരന്റെയും പേരും വിവരങ്ങളും മുഹൂർത്തവും സത്കാരത്തിന്റെ സമയവുമെല്ലാം കൃത്യമായി നൽകിയിരിക്കുന്നു. വിവാഹ സത്കാര വേദി ക്യു.ആർ കോഡായാണ് നൽകിയിരിക്കുന്നത്.
ചേർത്തല തണ്ണീർമുക്കം ഭക്തവത്സലന്റെയും സി കെ ഓമനയുടെയും മകനാണ് ഭജലാൽ. വെള്ളിയാകുളം ഗവ. യു.പി സ്‌കൂളിലെ അദ്ധ്യാപികയായ ആതിരയാണ് വധു. 15 നാണ് ഇരുവരുടെയും വിവാഹം.















