ലക്നൗ: ജോലിയില്ലെന്ന പങ്കാളിയുടെ പരിഹാസത്തെ തുടർന്ന് 27-കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി മായങ്ക് ചന്ദേലാണ് ആത്മഹത്യ ചെയ്തത്. എഞ്ചിനീയറായിരുന്ന മായങ്ക് കുറച്ചുനാളായി ജോലിയില്ലാതെ കഴിയുകയായിരുന്നു. ഇതിനിടയിൽ ലിവ് ഇൻ പങ്കാളി നിരന്തരം പരിഹസിച്ചിരുന്നു. മായങ്കിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
മാനസിക സമ്മർദ്ദവും കളിയാക്കലുകളിലും മനംനൊന്താണ് മരിക്കുന്നതെന്ന് മായങ്കിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഏഴ് വർഷത്തിലേറെയായി ജലാലാബാദ് സ്വദേശിനിയുമായി മായങ്ക് പ്രണയത്തിലായിരുന്നു. നാല് വർഷത്തോളമായി ഇരുവരും ഒന്നിച്ചാണ് താമാസിച്ചിരുന്നത്. ഇതിനിടയിലാണ് മായങ്കിന് ജോലി നഷ്ടമായത്. വീട്ടിൽ വെറുതെ ഭക്ഷണം കഴിച്ചിരിക്കുകയാണെന്നുള്ള യുവതിയുടെ വാക്കുകളും മറ്റ് പരിഹാസങ്ങളും ഏറെ വേദനിപ്പിച്ചെന്ന് മായങ്കിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പങ്കാളിയാണ് അപ്പാർട്ട്മെൻ്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ മായങ്കിനെ കണ്ടെത്തുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിയായ എഞ്ചിനീയർ അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനിടെയാണ് സംഭവം. വേർപിരിഞ്ഞതിന് പിന്നാലെ ഭാര്യ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.