പാട്‌ന: ബിഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഗയ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ക്ഷേത്രദർശനം പൂർത്തിയാക്കിയ ശേഷം പവിത്രമായ ബോധിവൃക്ഷം നിൽക്കുന്ന സ്ഥലത്തും അദ്ദേഹം സന്ദർശനം നടത്തിയതായി ബിടിഎംസി സെക്രട്ടറി മഹാശ്വേത മഹാരതി പറഞ്ഞു.
ക്ഷേത്ര പരിസരത്ത് ശ്രീബുദ്ധനുമായി ബന്ധപ്പെട്ട് ഉള്ള ഏഴ് ഇടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയതായി ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ബുദ്ധന്റേയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടേയും ഭൗതികദേഹം സൂക്ഷിച്ചതെന്ന് കരുതുന്ന ഇടത്തിലും അദ്ദേഹം എത്തി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട മഹാബോധി ക്ഷേത്രം ബുദ്ധമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്ന് കൂടിയാണ്.’
ക്ഷേത്രാങ്കണത്തിലുള്ള ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ ധ്യാനത്തിലിരിക്കുമ്പോഴാണ് ശ്രീബുദ്ധന് ബോധോദയം ഉണ്ടായതെന്ന് പറയപ്പെടുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തിയത്. സെപ്തംബറിൽ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായും അനുര കുമാര ദിസനായകെ കൂടിക്കാഴ്ച നടത്തിയിരുന്നു.