മാപുട്ടോ(മൊസാമ്പിക്ക്): ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീന പ്രദേശമായ മയോട്ടയെ തകർത്തെറിഞ്ഞ ശേഷം ആഫ്രിക്കൻ വൻ കരയിലേക്ക് കയറിയ ചിഡോ ചുഴലിക്കാറ്റ് ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിനെ തകർത്തെറിഞ്ഞു.
മണിക്കൂറിൽ 160 മൈൽ വേഗതയിൽ ചിഡോ ചുഴലിക്കാറ്റ് മൊസാംബിക്കിന്റെ പല ഭാഗങ്ങളിലും ആഞ്ഞടിച്ചു.ഇത് നിയാസ, കാബോ ഡെൽഗാഡോ എന്നിവയുൾപ്പെടെ 3 പ്രവിശ്യകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിൽ ഇതുവരെ 45 പേർ മരിച്ചു. 319 പേർക്ക് പരിക്കേറ്റു. 2.5 ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായി രാജ്യത്തിന്റെ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെൻ്റ് ഏജൻസി മേധാവി ലൂയിസ മക്‌ജി പറഞ്ഞു.ശക്തമായ കാറ്റിലും മഴയിലും വീടുകളും കെട്ടിടങ്ങളും തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതിത്തൂണുകളും തകർന്നു. ചുഴലിക്കാറ്റിൽ 170 മത്സ്യബന്ധന ബോട്ടുകളും തകർന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലാവിയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഫലമായി വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായി ഭയക്കുന്നു
മൊസാംബിക്കിൽ ചിഡോ ചുഴലിക്കാറ്റിൽ 90,000 കുട്ടികളെ ബാധിച്ചു എന്ന് യു എൻ സ്ഥിരീകരിച്ചു. കൊടുങ്കാറ്റ് 35,000 വീടുകൾ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തു, ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, 90,000-ത്തിലധികം കുട്ടികളെ ബാധിച്ചു, യുഎൻ ചിൽഡ്രൻസ് ഫണ്ട് ( യുനിസെഫ് ) പറഞ്ഞു .കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായി മൊസാംബിക് കണക്കാക്കപ്പെടുന്നു.