പത്തനംതിട്ട: ഹൈക്കോടതിയുടെ വിവാദ മാർഗനിർദ്ദേശങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ. ഇത് പൂരപ്രേമികളുടെ വിജയമാണെന്നും ജനങ്ങളുടെ ആവശ്യം സുപ്രീംകോടതി മനസിലാക്കിയെന്നും ഗിരീഷ് കുമാർ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദേവസ്വങ്ങളുടെ മാത്രം പ്രശ്നമായിരുന്നില്ല ഇത്. വാദ്യകലാകാരന്മാർ മുതൽ ബലൂൺ കച്ചവടക്കാരെ വരെ ബാധിക്കുന്ന പ്രശ്നമായിരുന്നു. ഉത്സവങ്ങളും വേലകളും പൂരവും നന്നായി നടക്കാൻ സാധിക്കണം. എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ നന്ദിയുണ്ട്. കപട മൃഗസ്നേഹികൾക്ക് ഇതൊരു പാഠമാവട്ടെ”.
“സന്നദ്ധ സംഘടനകളുടെ വരുമാനസ്രോതസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണം. സർക്കാരിന്റെ കീഴിലുള്ളതാണ് കൊച്ചിൻ, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ. മനസുകൊണ്ട് അവർ നമ്മുടെ കൂടെയായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചട്ടക്കൂടിൽ നിൽക്കുന്നവരാണ്. ആനകളെ പ്രദർശിപ്പിക്കുന്നതല്ല, ഇതൊരു എഴുന്നള്ളിപ്പാണ്. ഒരു പ്രൗഢിയാണ്. ഹൈക്കോടതി തീരുമാനം തെറ്റായിരുന്നുവെന്നും” ഗിരീഷ് കുമാർ പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പാറമേക്കാവ് ദേവസ്വം ബോർഡ് അറിയിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും എല്ലാ വിശ്വാസികൾക്കും ആശ്വാസമായ വിധിയാണിതെന്നും പാറമേക്കാവ് ദേവസ്വം ബോർഡ് പ്രതിനിധി പറഞ്ഞു.
പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് നാഗരത്‌ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. സുപ്രീം കോടതി പുറത്തിറക്കിയ നിലവിലെ ചട്ടങ്ങൾ പാലിച്ച് ആനകളെ എഴുന്നള്ളിപ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.