കോഴിക്കോട്; ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന. കോഴിക്കോട് കൊടുവള്ളിയിലെ ഓഫീസിലാണ് പരിശോധന നടത്തിയത്.11 മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് 5 മണി വരെ നീണ്ടു. കേസുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവയും മറ്റ് രേഖകളും പിടിച്ചെടുത്തു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു 6 മണിക്കൂർ നീണ്ട പരിശോധന. കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് എംഎസ് സൊല്യൂഷൻസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. തട്ടിപ്പും വഞ്ചനാ കുറ്റവുമുൾപ്പെടെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് പരിശോധന.
പ്രാഥമിക അന്വേഷണത്തിൽത്തന്നെ എം.എസ് സൊല്യൂഷൻസ് സി. ഇ. ഒ ഷുഹൈബ് ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തിയിരുന്നു. ഷുഹൈബിന്റെ വീട്ടിലും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു. ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇവ എംഎസ് സൊല്യൂഷൻസിന്റെ യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്.