തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം വെറും പ്രഹസനം മാത്രമാണെന്ന പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് മുന്നിൽ കേരളത്തെ മനപൂർവ്വം അപമാനിക്കാനാണ് എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്നും ഇതൊക്കെ വെറും പ്രഹസനം മാത്രമാണെന്നും ഗവർണർ പറഞ്ഞു. കേരള സർവകലാശാല കാമ്പസിൽ സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയത്. പരിപാടി നടക്കുന്ന വേദിക്ക് മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.
‘എന്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് നന്നായി അറിയാം. അതുകൊണ്ടാണ് പരിപാടി കഴിഞ്ഞ് ഞാൻ പുറത്തുവരുന്നതിന് മുമ്പ് തന്നെ എല്ലാം അവസാനിപ്പിച്ച് അവർ കടന്നുകളഞ്ഞത്. പൊലീസും അവരെ നന്നായി സഹായിച്ചിട്ടുണ്ട്. അവരെയെല്ലാം ഞാൻ നന്നായി തിരിച്ചറിയുമെന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് അവർ അവിടെ നിന്ന് സ്ഥലംവിട്ടത്’.
‘എന്നെ ഭയപ്പെടുത്താൻ കഴിയാത്തതുകൊണ്ടാണ് പുറത്ത് നിന്നുവന്ന ഡെലിഗേറ്റുകളെ അവർ ഭയപ്പെടുത്തിയത്. എസ്എഫ്ഐ നേതാക്കളെ ആരാണ് നിയന്ത്രിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയ പ്രതിനിധികൾക്ക് മുന്നിൽ അവർ കേരളത്തെ അപമാനിച്ചെന്നും’ ഗവർണർ പറഞ്ഞു.
കഴിഞ്ഞ 17-നാണ് സർവകലാശാല കാമ്പസിൽ സെമിനാർ നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി വിശിഷ്ട വ്യക്തികളാണ് സെമിനാറിൽ പങ്കെടുത്തത്. ഇതിനിടെയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം.