തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് തിരുവല്ലം പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.
എം വി ഗോവിന്ദൻ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർ ദിശയിൽ നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ബ്രേക്കിട്ട് നിർത്തിയ കാറിന്റെ പുറകിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചു. ഇതോടെയാണ് കാറിന്റെ നിയന്ത്രണംവിട്ടത്. എം വി ഗോവിന്ദൻ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻ ഭാഗം ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.
കോവളം, വെള്ളാർ, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് സിപിഎം ജില്ലാ സമ്മേളനം നടക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് തീരദേശത്ത് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.