വീട്ടിൽ മൂത്ത കുട്ടികൾ പലപ്പോഴും ഉത്തരവാദിത്വത്തിന്റെ ഭാരം പേറി ജീവിക്കുന്നവരാകും. എന്നാൽ വീട്ടിലെ മറ്റ് കുട്ടികളെ അപേക്ഷിച്ച് കഴിവും ബുദ്ധിയുമുള്ളത് മൂത്ത കുട്ടികൾക്കാകുമെന്ന് പല പഠനങ്ങളും പറയുന്നു. മിക്ക വീടുകളിലും ഇങ്ങനെ തന്നെയാകും. മൂത്ത കുട്ടികളുടെ നേതൃപാടവവും സഹാനുഭൂതിയും എടുത്തുപറയേണ്ടത് തന്നെയാണ്.
നല്ലതും ചീത്തയും, തെറ്റും ശരിയുമൊക്കെ മാതാപിതാക്കൾ പറഞ്ഞു നൽകിയാലും മൂത്ത കുട്ടികളിൽ നിന്ന് മാത്രം പഠിക്കുന്ന ചില ഗുണങ്ങളുണ്ട്. അവയിതാണ്..
1. ഉത്തരവാദിത്വം
ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിലാണ് മൂത്ത കുട്ടികളുടെ ഉത്തരവാദിത്വം ഏറെയും പ്രകടമാകുന്നത്. സ്കൂളിൽ പോയി വന്നാൽ ഇളയ സഹോദരങ്ങളെ പഠിപ്പിക്കുന്നത്, ആഹാരം കഴിക്കാൻ വിളിക്കുന്നത്, സ്കൂളിലേക്കിറങ്ങുമ്പോൾ ടിഫിൻ ബോക്സ് മറക്കാതെ കൊണ്ടുപോകുന്നത്, സ്കൂളിലെത്തിയാൽ കൊച്ചനുജനെയോ അനുജത്തിയെയോ ക്ലാസ്മുറികളിലെത്തിക്കുന്നതൊക്കെ ഈ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഇളയ സഹോദരങ്ങൾക്ക് ഇത് മാതൃക തന്നെയാണ്.
2. നല്ല പെരുമാറ്റം
മൂത്ത സന്തതികൾ എപ്പോഴും മര്യാദയോടെ പെരുമാറുന്നവരാകും. അതിനാൽ തന്നെ ഇവരെ സമൂഹം വില കൽപിക്കുകയും ചെയ്യുന്നു. വ്യക്തികളോടും സമൂഹത്തോടും എങ്ങനെ പെരുമാറണമെന്ന് ഇളയ സഹോദരങ്ങൾ പഠിക്കുന്നത് മൂത്തവരെ കണ്ടായിരിക്കും.
3. ആരോഗ്യകരമായ ജീവിതരീതി
ആരോഗ്യകരമായ ആഹാരം പിന്തുടരുന്നവരും കൃത്യമായി വ്യായാമം ചെയ്യുന്നവരും കൃത്യതയോടെ ദിനചര്യകൾ ചെയ്യുന്നവരുമാകും മൂത്ത കുട്ടികൾ.
4. പ്രതികരണശേഷി
മൂത്ത കുട്ടികൾ കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന് ഇളയകുട്ടികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. തിരിച്ചടികളെയും പ്രതിസന്ധികളെയും നേരിടാനുള്ള മനഃശക്തി വളർത്താനും കൈകാര്യം ചെയ്യാനും അവർ പഠിക്കുന്നത് മൂത്തവരിൽ നിന്നാണ്. മൂത്ത കുട്ടികൾ കാര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കണമെന്ന് സാരം.
5. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത്
തർക്കങ്ങൾ സമാധാനപരമായി എങ്ങനെ പരിഹരിക്കാമെന്നും ആശയവിനിമയ കഴിവുകൾ, ക്ഷമ, വിയോജിപ്പുണ്ടാകുമ്പോൾ മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുക തുടങ്ങിയ കാര്യങ്ങൾ ഇളയ കുട്ടികൾ പഠിക്കുന്നത് മൂത്ത കുട്ടികളിൽ നിന്നാകും.
6. നേതൃത്വം
ഇളയവരെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതിനാൽ തന്നെ നല്ല നേതൃഗുണങ്ങൾ ഉള്ളവരാകും മൂത്ത കുട്ടികൾ.
7. പ്രശ്നപരിഹാരം
പ്രശ്നങ്ങൾ ഉണ്ടായാൽ ഇളയവർ ആദ്യം ഓർമിക്കുന്നത് മൂത്തവരുടെ രീതികളാകും. ആത്മവിശ്വാസത്തോടെ പ്രശ്ന പരിഹാരം കണ്ടെത്താൻ മൂത്തവർക്ക് സാധിക്കാറുണ്ട്.
8. സമയം പാലിക്കുന്നത്
ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നവരാകും മൂത്തവർ. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അവർ ഇഷ്ടങ്ങൾക്കായി സമയം മാറ്റി വയ്‌ക്കും. ഇതും ഇളയ സഹോദരങ്ങളെ സ്വാധീനിക്കും.
9. സഹാനുഭൂതി
ഇളയ സഹോദരങ്ങളുടെ വികാരങ്ങളെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് മൂത്ത കുട്ടികൾ. ദയ, പിന്തുണ, പരിഗണന, വൈകാരിക ബന്ധം എന്നിവ നിലനിർത്താൻ അഇവർക്ക് സാധിക്കുന്നു.















