പാലക്കാട്: തത്തമംഗലം സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച പുൽക്കൂട് തകർത്ത സംഭവത്തിൽ പ്രതികളെ പോലീസ് ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി. തത്തമംഗലം മേട്ടുപ്പാളയത്ത് നിന്നും പള്ളിമുക്ക് ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.
സംഭവത്തിലെ പ്രതികളെ കണ്ടെത്താതെ വിഷയം സംഘപരിവാർ സംഘടനകളുടെ തലയിൽ കെട്ടിവയ്‌ക്കാൻ നോക്കിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു.
സംഭവത്തിന് പിന്നിൽ സംഘപരിവാർ ആണെന്ന് സ്ഥാപിക്കാനുള്ള മന്ത്രി കൃഷ്ണൻകുട്ടിയുടെ ശ്രമം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. ക്രിസ്ത്യൻ സമൂഹം ബിജെപിയുമായി അടുക്കുന്നത് തിരിച്ചറിഞ്ഞ സിപിഎമ്മും കോൺഗ്രസും വ്യാപകമായി വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും നല്ലേപ്പിള്ളി സംഭവത്തിൽ ഉൾപ്പെടെ ഇടതുപക്ഷ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു.















