ബഹിരാകാശത്ത് നിന്ന് ക്രിസ്മസ് ആശംസകളുമായി സുനിത വില്യംസ്. ബുച്ച് വിൽമോറും സുനിത വില്യംസും മറ്റ് ബഹിരാകാശ സഞ്ചാരികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വീഡിയോ നാസ പങ്കുവച്ചു. ക്രിസ്മസ് ഓർമകളെ കുറിച്ച് സുനിത വില്യംസ് പങ്കുവക്കുന്ന വീഡിയോയാണ് നാസ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
ക്രിസ്മസ് ട്രീയുടെ അരികിൽ സാന്റാ തൊപ്പികൾ ധരിച്ച് ക്രിസ്മസ് ആശംസകൾ പങ്കിടുന്ന ഇവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
To everyone on Earth, Merry Christmas from our @NASA_Astronauts aboard the International @Space_Station. pic.twitter.com/GoOZjXJYLP
— NASA (@NASA) December 23, 2024
‘ഞങ്ങൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. ഞങ്ങൾ ഏഴ് പേരും ചേർന്ന് ക്രിസ്മസ് ആഘോഷിക്കാമെന്ന് കരുതി. എല്ലാവരും ഒത്തുചേർന്ന് ക്രിസ്മസിന് വേണ്ടി ഒരുക്കങ്ങളും തയാറെടുപ്പുകളുമായി സന്തോഷമായിരിക്കുന്നതാണ് ക്രിസ്മസ് ആഘോഷങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്ന്’ സുനിത വില്യംസ് വീഡിയോയിൽ പറയുന്നു.
ഇവർക്കാവശ്യമായ വസ്തുക്കളും ഭക്ഷണവും ക്രിസ്മസ് ആഘോഷിക്കുന്നതിന് വേണ്ട സാധനങ്ങളും നാസ നേരത്തെ അയച്ചിരുന്നു. സ്പേസ് എക്സ് ക്രൂ 9 പേടകത്തിലാണ് ആവശ്യമായ സാധനങ്ങൾ എത്തിച്ചത്. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി, കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്.