ലക്നൗ: ഭക്ഷണം വിളമ്പാൻ താമസിച്ചതിന്റെ പേരിൽ വിവാഹം ഉപേക്ഷിച്ച് വരൻ. ഞൊടിയിടയിൽ തന്നെ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ചപ്പാത്തിയാണ് കല്യാണി വീട്ടിൽ വില്ലനായത്. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
ഏഴ് മാസം മുൻപ് നിശ്ചയിച്ചിരുന്ന വിവാഹം ഡിസംബർ 22-നാണ് നടന്നത്. തലേ രാത്രിയിലെ പരിപാടിയിലേക്ക് വധുവിന്റെ കുടുംബം മധുരപലഹാരങ്ങൾ നൽകിയാണ് വരനെയും സംഘത്തെയും സ്വീകരിച്ചത്. പിന്നാലെ ഭക്ഷണവും വിളമ്പി. ഇതിനിടയിൽ ചപ്പാത്തി വിളമ്പാൻ വൈകുന്നുവെന്ന് വരന്റെ സംഘത്തിൽ പെട്ട ഒരാൾ പറഞ്ഞതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ വരനെ സ്ഥലത്ത് നിന്നും കാണാതായി.
പിറ്റേന്ന് രാവിലെ വിവാഹ വേഷത്തിൽ വധു അണിഞ്ഞൊരുങ്ങി എത്തിയപ്പോഴാണ് വരൻ ബന്ധുവിനെ വിവാഹം കഴിച്ചതായി അറിഞ്ഞത്. സംഭവത്തിന് പിന്നാലെ വധുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. സ്ത്രീധനമായി നൽകിയ ഒന്നര ലക്ഷം രൂപ ഉൾപ്പടെ ഏഴര ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി വധുവിന്റെ കുടുംബം അറിയിച്ചു. വരനും വരന്റെ കുടുംബത്തിലെ മറ്റ് നാല് പേർക്കുമെതിരെയാണ് പരാതി നൽകിയത്.