ജെറുസലേം: ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നടത്തിയ സൈനിക ഓപ്പറേഷന്റെ ഭാഗമായി ഹമാസ് നേതാക്കൾ ഉൾപ്പടെ 240 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. വെള്ളിയാഴ്ചയായിരുന്നു ഓപ്പറേഷൻ ആരംഭിച്ചത്. തീവ്രവാദികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷൻ. രോഗികളായി നടിച്ച് ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ച പല ഹമാസ് ഭീകരരെയും കയ്യോടെ പിടികൂടിയതായി ഐഡിഎഫ് അറിയിച്ചു.
“240-ലധികം ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരർ, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന മറ്റ് പ്രവർത്തകർ എന്നിവരെ പിടികൂടിയിട്ടുണ്ട്, അവരിൽ ചിലർ രോഗികളായി നടിക്കുകയോ, ആംബുലൻസുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്തിരുന്നു.” ഐഡിഎഫ് പ്രതികരിച്ചു.
കമാൽ അദ്വാൻ ഹോസ്പിറ്റൽ ഡയറക്ടറെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹമാസിന്റെ പ്രവർത്തകനാണെന്ന് സംശയിക്കുന്നതിനാലാണ് ചോദ്യം ചെയ്യുന്നത്. ഓപ്പറേഷന്റെ ഭാഗമായി ഹമാസ് തീവ്രവാദികൾ കൈവശം വച്ചിരുന്ന ഗ്രനേഡുകൾ, തോക്കുകൾ, യുദ്ധോപകരണങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവ കണ്ടെത്തുകയും കണ്ടുകെട്ടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.
ഗാസയിലെ കമാൽ അദ്വാൻ ഹോസ്പിറ്റലിന് ചുറ്റുമുള്ള മേഖലകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ഇസ്രായേൽ പ്രതിരോധ സേന വെള്ളിയാഴ്ച സൈനിക ഓപ്പറേഷൻ ആരംഭിച്ചത്.















