ഫിഡെയുടെ ലോക വനിതാ റാപിഡ് ചെസ് ചാമ്പ്യഷിപ്പിൽ രണ്ടാം തവണയും കിരീടം നേടിയ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. ചെസ് ബോർഡ് ഭരിക്കുന്ന ഇന്ത്യൻ രാജ്ഞിയെന്നാണ് അദ്ദേഹം കൊനേരു ഹംപിയെ വിശേഷിപ്പിച്ചത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഐറിൻ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് ഹംപിയുടെ നേട്ടം.
എക്‌സിൽ കൊനേരു ഹംപിയെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്റർനാഷണൽ ചെസ് ഫെഡറേഷന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന സന്ദേശം. “ഒരു ഇന്ത്യൻ രാജ്ഞി ബോർഡ് ഭരിക്കുന്നു. ഞങ്ങളെ ഇത്രയധികം അഭിമാനിതരാക്കിയതിന് കൊനേരു ഹംപിക്ക് നന്ദി. ഇന്ത്യൻ ചെസ്സിന് തികച്ചും ഉജ്ജ്വലമായ ഒരു വർഷമായിരുന്നു ഇത്,” ആനന്ദ് മഹീന്ദ്ര കുറിച്ചു.
വളരെയേറെ സമ്മർദ്ദത്തിലായിരുന്നുവെന്നും സമനില പ്രതീക്ഷിച്ച മത്സരത്തിലാണ് വിജയിക്കാനായതെന്നും മത്സര ശേഷം പ്രതികരിച്ച കൊനേരു ഹംപി പറഞ്ഞു. 10 താരങ്ങൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ എട്ടര പോയിന്‍റുമായാണ് കൊനേരു ഹംപി ഒന്നാമത്തെത്തിയത്. 2019ൽ മോസ്കോയിലും ഹംപി കിരീടം നേടിയിരുന്നു. ഈ മാസം തുടക്കത്തിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിലേക്ക് അടുത്ത കിരീടമെത്തുന്നത്.