ന്യൂഡൽഹി: ഫിഡെയുടെ ലോക വനിതാ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും കിരീടം നേടിയ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മിടുക്കി’ എന്നാണ് കൊനേരു ഹംപിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ വിജയം ചരിത്രപരമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
“ലോക വനിതാ റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ കൊനേരു ഹംപി, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണ്. കൊനേരു ഹംപിയുടെ രണ്ടാമത്തെ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് കിരീടമാണിത്. ഇത് ചരിത്രപരമായ വിജയമാണ്. ഈ അവിശ്വസനീയമായ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരിയായി അവർ മാറിയിരിക്കുകയാണെന്നും” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്റോനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 11-ാം റൗണ്ടിലാണ് കൊനേരു ഹംപി കിരീടം സ്വന്തമാക്കിയത്. 8.5 പോയിന്റോടെയായിരുന്നു ഹംപിയുടെ വിജയം. 2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്.
വളരെയേറെ സമ്മർദ്ദത്തിലായിരുന്നുവെന്നും സമനില പ്രതീക്ഷിച്ച മത്സരത്തിലാണ് വിജയിക്കാനായതെന്നും മത്സരശേഷം കൊനേരു ഹംപി പ്രതികരിച്ചിരുന്നു.