കാബൂൾ: സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. സ്ത്രീകൾ ജോലിചെയ്യുന്ന രാജ്യത്തെ ദേശീയ-അന്താരാഷ്‌ട്ര സർക്കാരിതര സ്ഥാപനങ്ങൾ (NGOs) അടച്ചുപൂട്ടുമെന്ന് താലിബാൻ അറിയിച്ചു. നേരത്തെ ഇസ്ലാമിക ശിരോവസ്ത്രം ശരിയായി ധരിക്കുന്നില്ലെന്ന് ആരോപിച്ച് സർക്കാർ ഇവർക്ക് തൊഴിൽ നൽകുന്നത് താത്കാലികമായി നിർത്തിവെയ്പ്പിച്ചിരുന്നു. രണ്ട് വർഷം പിന്നിടുമ്പോഴാണ് പുതിയ നടപടി.
പുതിയ ഉത്തരവ് പാലിച്ചില്ലെങ്കിൽ എൻജിഒകൾക്ക് അഫ്ഗാനിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകില്ലെന്ന് താലിബാന്റെ സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദേശീയ, അന്താരാഷ്‌ട്ര സംഘടനകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും രജിസ്ട്രേഷൻ, ഏകോപനം, നേതൃത്വം, മേൽനോട്ടം എന്നിവയുടെ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് മന്ത്രാലയം അറിയിച്ചു. താലിബാന് നേരിട്ട് നിയന്ത്രണമില്ലാത്ത ഇത്തരം സ്ഥാപനങ്ങളിലെ എല്ലാ സ്ത്രീ ജീവനക്കാരെയും ഉടനടി പിരിച്ചുവിടണമെന്നും എക്‌സിൽ പങ്കുവച്ച കത്തിൽ സർക്കാർ അറിയിച്ചു.
താലിബാൻ ഇതിനോടകം സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്നും പല ജോലികളിൽ നിന്നും വിലക്കിയിട്ടുണ്ട്. ആറാം ക്ലസുവരെ മാത്രമാണ് അഫ്ഗാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിച്ചിട്ടുള്ളത്. ദിവസങ്ങൾക്ക് മുൻപാണ് പുരുഷന്മാരുടെ മോശം പെരുമാറ്റം ഉണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകൾ താമസിക്കുന്ന കെട്ടിടങ്ങളിലും അടുക്കളയിലും ജനാലകൾ നിർമ്മിക്കുന്നത് നിരോധിച്ചുകൊണ്ട് താലിബാൻ വിചിത്ര ഉത്തരവിറക്കിയത്.