ബംഗളൂരു: പരാതിപ്പെടാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് ബലാൽസംഗം ചെയ്തതിന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത തുമകൂർ ജില്ല മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ യുവതിയെ രാമചന്ദ്രപ്പ ബലമായി ലൈംഗികമായി ഉപയോഗിക്കുന്ന വീഡിയോ വൈറലായതോടെ സസ്പെൻഡ് ചെയ്തുകൊണ്ട് കർണാടക ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് മോഹൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പി രാമചന്ദ്രപ്പയെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധുഗിരി പോലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് മധുഗിരി സബ് ഡിവിഷൻ ഡിവൈഎസ്പി രാമചന്ദ്രപ്പയെ അറസ്റ്റ് ചെയ്തത്.
പാവഗഡ സ്വദേശിനിയായ യുവതിയാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. കാര്യം അന്വേഷിക്കാൻ യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ രാമചന്ദ്രപ്പ അവരെ തന്റെ ഓഫീസിലെ ടോയ്ലറ്റിനു സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
ഇത് ഒരാൾ മൊബൈൽ ഫോണിൽ പകർത്തുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. കർണാടക ആഭ്യന്തരമന്ത്രി പരമേശ്വരയുടെ സ്വന്തം ജില്ലയിൽ നടന്ന ഈ സംഭവം സർക്കാരിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട് .