തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കന്റെ കഴുത്തിൽ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂർകോണം സ്വദേശി സി ഷാജി (51)യുടെ കഴുത്തിലാണ് മൂർഖൻ പാമ്പ് ചുറ്റിയത്. പാമ്പിനെ കൈകൊണ്ട് വലിച്ചെറിഞ്ഞ ഷാജി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള പുരയിടത്തിലായിരുന്നു ഷാജിയുൾപ്പടെയുള്ളവർ ജോലി ചെയ്തിരുന്നത്. ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കാനായി കിടക്കുമ്പോഴാണ് സംഭവം, കഴുത്തിൽ തണുപ്പ് തോന്നി കണ്ണുതുറന്നപ്പോഴാണ് മൂർഖൻ പാമ്പ് ചുറ്റിയെന്ന് അറിയുന്നത്. ഞെട്ടി എഴുന്നേറ്റ ഷാജി ഉടൻതന്നെ പാമ്പിനെ കൈകൊണ്ടെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു.
പാമ്പ് സമീപത്തുണ്ടായിരുന്നവർക്ക് നേരെ ചീറ്റിയടുത്തതോടെ കൂടെയുണ്ടായിരുന്നവർ ഇതിനെ തല്ലിക്കൊല്ലുകയായിരുന്നു. വർഷങ്ങളായി ആൾതാമസമില്ലാത്ത കാടുകയറിക്കിടക്കുന്ന പുരയിടമായിരുന്നു ഇവർ വൃത്തിയാക്കികൊണ്ടിരുന്നത്. ഇവിടെ നിന്നും ചെറിയ പാമ്പുകളെയും ചേരയെയും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ മൂർഖൻ പാമ്പ് ഉണ്ടെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് ജോലിക്കാർ പറഞ്ഞു. തലനാരിഴയ്‌ക്ക് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ട ഷാജി മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ മറ്റുളവർക്കൊപ്പം ജോലി പുനരാരംഭിച്ചു.