ന്യൂഡൽഹി: അന്താരാഷ്‌ട്ര യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.. ഇന്ത്യൻ അതിർത്തി കടന്ന് യാത്ര പോകാൻ വിമാന സർവീസുകളെയാണ് പൊതുവെ നാം ആശ്രയിക്കാറുള്ളത്. ഇതിന് വൻ തുക ചെലവ് വരുമെന്നതിനാൽ ബജറ്റ് താറുമാറാവുകയും യാത്ര തന്നെ റദ്ദാക്കുകയും ചെയ്യണ്ടി വരുന്ന സാഹചര്യവുമുണ്ട്. എന്നാൽ ട്രെയിൻ മാർഗം ചില അന്താരാഷ്‌ട്ര യാത്രകൾ നടത്താൻ സാധിക്കുമെന്ന് പലരും ഓർക്കാറില്ല. ഇന്ത്യയിൽ നിന്ന് ട്രെയിൻ കയറി പോകാൻ സാധിക്കുന്ന വിദേശരാജ്യങ്ങളും ഏതെല്ലാം റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ഇതിനായി സർവീസ് ഒരുക്കിയിട്ടുള്ളതെന്നും നോക്കാം..
ഇന്ത്യയിൽ ഏഴ് അന്താരാഷ്‌ട്ര റെയിൽവേ സ്റ്റേഷനുകളാണുള്ളത്. അയൽരാജ്യങ്ങളിലേക്ക് ട്രെയിൻ സർവീസ് നൽകുന്ന ഏഴ് സ്റ്റേഷനുകൾ.
ഹൽദിബാരി സ്റ്റേഷൻ (Haldibari Railway station)
പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷനാണിത്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷനുള്ളത്. ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് നിരവധി ട്രെയിൻ സർവീസുകൾ ലഭ്യമാണ്.
ജയനഗർ സ്റ്റേഷൻ (Jaynagar Railway station)
നേപ്പാളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ എത്തിപ്പെടേണ്ട സ്റ്റേഷനാണിത്. ബിഹാറിലെ മധുബാനി ജില്ലയിലാണ് ഈ സ്റ്റേഷനുള്ളത്.
പെട്രാപോൾ സ്റ്റേഷൻ (Petrapole Railway Station)
ബംഗ്ലാദേശിലേക്ക് ട്രെയിൻ സർവീസ് നടത്തുന്ന മറ്റൊരു സ്റ്റേഷനാണിത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലാണ് ഈ സ്റ്റേഷനുള്ളത്.
സിംഗബാദ് സ്റ്റേഷൻ (Singabad Railway Station)
പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലുള്ള ഈ സ്റ്റേഷനിൽ നിന്നും ബംഗ്ലാദേശിലേക്ക് ട്രെയിൻ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്നതിലും ഈ സ്റ്റേഷൻ മുഖ്യപങ്കുവഹിക്കുന്നു.
ജോഗ്ബാനി (Jogbani Railway Station)
ബിഹാറിലെ ജോഗ്ബാനിയിലുള്ള ഈ സ്റ്റേഷനിൽ നിന്ന് നേപ്പാളിലേക്ക് പോകാൻ കഴിയും.
രാധികാപൂർ സ്റ്റേഷൻ (Radhikapur Railway Station)
പശ്ചിമ ബംഗാളിലെ നോർത്ത് ദിനജ്പൂർ ജില്ലയിലാണ് രാധികാപൂർ സ്റ്റേഷനുള്ളത്. ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് ട്രെയിൻ ലഭിക്കും. ഇന്ത്യ-ബംഗ്ലാദേശ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന സ്റ്റേഷനാണിത്.
അട്ടാരി സ്റ്റേഷൻ (Attari Railway Station)
പഞ്ചാബിലാണിതുള്ളത്. പാകിസ്താനിലേക്ക് പോകുന്ന സംജൗത എക്സ്പ്രസ് ഇവിടെ നിന്നാണ് ആരംഭിക്കുക. എന്നാൽ 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഈ ട്രെയിൻ സർവീസ് റദ്ദാക്കി.