ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് ഇന്ത്യക്കാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി. കരൻ ബ്രാർ, അമൻദീപ് സിംഗ്, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കേസിന്റെ വിചാരണ ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതിയിലേക്ക് മാറ്റി. ഫെബ്രുവരി 11ന് കേസ് വീണ്ടും പരിഗണിക്കും.
2023 ജൂണിലായിരുന്നു നിജ്ജാർ വധിക്കപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിൽ വച്ച് ഖലിസ്ഥാൻ നേതാവിനെ അജ്ഞാതർ വെടിവച്ച് കൊല്ലുകയായിരുന്നു. ഇതിന് പിന്നിൽ ഇന്ത്യൻ സർക്കാരാണെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന വാദങ്ങൾ നിരസിച്ച കേന്ദ്രസർക്കാർ, കാനഡയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു. നിജ്ജാറിന്റെ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാതെ പോയതോടെ ഈ വാദം ഉന്നയിക്കുന്നതിൽ കനേഡിയൻ നേതൃത്വം പ്രതിസന്ധിയിലായിരുന്നു.
കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 2024 മെയ് മാസത്തിലാണ് നാല് ഇന്ത്യൻ പൗരന്മാരെ പൊലീസ് പിടികൂടിയത്. നിജ്ജാർ വധത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഖലിസ്ഥാൻ നേതാവിന്റെ കൊലക്കേസുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ തുടരുകയാണ്.