ദമാസ്കസ്: സിറിയയിലെ ഉമയ്യാദ് മസ്‍ജിദിൽ തിക്കിലും തിരക്കിലുംപെട്ട് അപകടം. നാല് പേർ മരിച്ചതായും അഞ്ച് കുട്ടികൾ ഉൾപ്പടെ 16 പേർക്ക് പരിക്കേറ്റതായും ദമാസ്കസ് ഹെൽത്ത് ഡയറക്ടർ മുഹമ്മദ് അക്രം മാതൂഖ് അറിയിത്തു. തിരക്കിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും അകപ്പെട്ട് കുട്ടികൾ തലകറങ്ങി വീഴുകയും ചിലരുടെ എല്ലുകൾ ഒടിയുകയും ചെയ്തെന്നാണ് വിവരം.
വെള്ളിയാഴ്ച ദിവസം പ്രത്യേക ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായി നിരവധി പേർ മസ്ജിദിലേക്ക് എത്തിയിരുന്നു, സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നതിനാൽ വലിയ ജനക്കൂട്ടമാണ് മസ്ജിദിലേക്ക് എത്തിയത്. ആഹാരം നൽകാൻ തുടങ്ങിയതിന് പിന്നാലെയാണ് ഉന്തും തള്ളും ആരംഭിച്ചതെന്നാണ് വവിരം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്ന് റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ദമാസ്കസ് ഗവർണർ മഹർ മർവാൻ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായും തിരക്ക് നിയന്ത്രിക്കുന്നതിൽ വിട്ടുവീഴ്ച നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത ഗവർണർ, ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.