തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിൽ അരങ്ങേറിയ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വൻ ജന പങ്കാളിത്തം. ജനം ടിവി മ്യൂസിക് ഇന്ത്യ സീസൺ 2-ന്റെ ഉദ്ഘാടനം സ്പീക്കർ എഎൻ ഷംസീർ നിർവഹിച്ചു. അഭിനേത്രിയും പിന്നണി ഗായികയുമായ കൃഷ്ണപ്രഭയുടേയും സിഒകെ ബാൻഡിന്റെയും നേതൃത്തിലായിരുന്നു പരിപാടി
KLIBF-യുമായി കൈകോർത്ത് ജനം ടിവി സംഘടിപ്പിച്ച നൃത്ത സംഗീത രാവ് നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറി. ചടങ്ങിൽ സ്പീക്കറേയും പ്രമുഖ സ്പോൺസർമാരേയും ജനം ടിവി ആദരിച്ചു.
രാജ്യത്ത് മറ്റെവിടെയും കാണാൻ കഴിയാത്ത വിധമുള്ള പുസ്തകോത്സവമാണ് നിയമസഭയിൽ സംഘടിപ്പിക്കുന്നതെന്നും സാഹിത്യോത്സവത്തിന് പൂർണ പിന്തുണ നൽകുന്നതായും ജനം ടിവി പ്രഭാരി എ. ജയകുമാർ പറഞ്ഞു.
ജനം ടിവി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ മാറ്റങ്ങളോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി. സുരേഷ് കുമാർ അറിയിച്ചു.
ജനം ടിവി എംഡി ചെങ്കൽ രാജശേഖരൻ, ജനറൽ മാനേജർ സൂരജ് എസ് നായർ, ചീഫ് എഡിറ്റർ പ്രദീപ് പിള്ള, പ്രോഗ്രാം ഹെഡ് അനിൽ നമ്പ്യാർ തുടങ്ങിയവർ
ചടങ്ങിൽ സംബന്ധിച്ചു. രാത്രി 7 മണി മുതൽ പതിനൊന്ന് മണിവരെ നീണ്ടുനിൽക്കുന്നതായിരുന്നു നൃത്ത സംഗീത രാവ്.