ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ മഹാകുംഭമേളയ്‌ക്കായി പ്രയാഗ്രാജിലെ ത്രിവേണ സംഗമം ഒരുങ്ങി കഴിഞ്ഞു. പുണ്യനദിയിലെ സ്നാനത്തിന് പുറമേ വിവിധ പരിപാടികളാണ് കുംഭമേളയുടെ ഭാഗമായി നടത്തുക. മതപ്രഭാഷണങ്ങൾ, സാംസ്കാരിക ഘോഷയാത്രകൾ, പ്രകടനങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെയാണ് യുപി സർക്കാർ പരിപാടി അവതരിപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ഗായകരായ ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, ഷാൻ തുടങ്ങിയ ഗായകർ തുടങ്ങിയവർ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുമെന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഉദ്ഘാടന ദിവസം ശങ്കർ മഹാദേവന്റെ സംഗീത പരിപാടിയോടെയാകും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. മോഹിത് ചൗഹാന്റെ പരിപാടിയോടെയാകും ആഘോഷങ്ങൾ സമാപിക്കുക. കൈലാഷ് ഖേർ, ഷാൻ മുഖർജി, ഹരിഹരൻ, കവിതാ കൃഷ്ണമൂർത്തി, കവിതാ സേത്ത്, ഋഷബ് റിഖിറാം ശർമ, ഷോവന നാരായൺ, ഡോ. എൽ സുബ്രഹ്മണ്യം, ബിക്രം ഘോഷ്, മാലിനി അവസ്തി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. ഭക്തർക്ക് പ്രത്യേക അനുഭവം നൽകാൻ കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് സാധിക്കും.
കുംഭമേള ഗ്രൗണ്ടിലെ ഗംഗാ പന്തലിലാണ് പരിപാടികൾ നടക്കുക. ക്ലാസിക്കൽ നൃത്തങ്ങൾ, നാടോടി സംഗീതം, നാടക കലകൾ എന്നിവ ഉൾപ്പടെ അവതരിപ്പിക്കും. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിലേക്കുള്ള യാത്രയാകും ഓരോ പരിപാടിയും. 45 കോടിയിലധികം പേർ ഇത്തവണ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















