കായികതാരങ്ങൾക്ക് റെയിൽവേയിൽ അവസരം. സെക്കന്ദരാബ്ദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയിൽ 61 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. RRC SCR ക്വാട്ട റിക്രൂട്ട്മെൻ്റ് 2025-ലേക്ക് ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.
പത്താം ക്ലാസും ഐടിഐയും അല്ലെങ്കിൽ പ്ലസ്‌ടുവാണ് യോഗ്യത. പ്ലസ്ടു പൂർത്തിയാക്കിയവർക്കായി 21 ഒഴിവുകളും പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കായി 40 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18-25 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കാറ്റഗറി-ബി, ചാമ്പ്യൻഷിപ്പുകളിലോ ഇവൻ്റുകളിലോ രാജ്യത്തെ പ്രതിനിധീകരിച്ചവർ, കാറ്റഗറി സി ചാമ്പ്യൻഷിപ്പിലോ ഇവൻ്റിലോ മൂന്നാം സ്ഥാനത്തെങ്കിലും എത്തിയവർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മത്സരങ്ങളിൽ മൂന്നാം സ്ഥാനമെങ്കിലും ലഭിച്ചവർ, സീനിയർ/യൂത്ത്/ ജൂനിയർ വിഭാഗങ്ങളിൽ കുറഞ്ഞത് മൂന്നാം സ്ഥാനമെങ്കിലും ലഭിച്ചവർ, ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനമെങ്കിലും ലഭിച്ചവർ, സീനിയർ കാറ്റഗറി ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം വരെ കരസ്ഥമാക്കിയവർ എന്നിവർക്കാണ് മുൻഗണന.
അത്‌ലറ്റിക്സ്, ക്രിക്കറ്റ്, വോളിബോൾ, ഭാരദ്വഹനം, ബാഡ്മിൻ്റൺ, ബാസ്കറ്റ്ബോൾ, ചെസ്സ്, ഹോക്കി, ടേബിൾ ടെന്നീസ് എന്നീ കായികതാരങ്ങൾക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികവിഭാഗക്കാർക്കും, വനിതകൾക്കും ദിവ്യാംഗർക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്കായി www.scr.indianrailways.gov.in. സന്ദർശിക്കുക.















