എറണാകുളം: നടി ഹണി റോസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതൽ പേർക്കെതിരെ നിയമനടപടി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയുണ്ടായ വിമർശനങ്ങളിലാണ് നടപടി. അധിക്ഷേപ പരാമർശങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തതിന് പിന്നാലെ വലിയ അധിക്ഷേപ പരാമർശങ്ങളാണ് താരത്തിന് നേരെ ഉണ്ടാകുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ ദ്വയാർത്ഥ പ്രയോഗം ആരോപിച്ച് ഹണി റോസ് പങ്കുവച്ച സമൂമദാദ്ധ്യമ പോസ്റ്റിൽ കമന്റുകളിലൂടെയാണ് സൈബർ അധിക്ഷേപ തുടങ്ങിയത്. തുടർന്ന് ഇവർക്കിെതിരെ ഹണിയുടെ പരാതിയിൽ പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. അധിക്ഷേപം പരാമർശം നടത്തിയ മുപ്പതോളം പേരെ തിരിച്ചറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ അറസ്റ്റിലാവുന്നത്. പിന്നീടും താരത്തിനെതിരെ സൈബർ അധിക്ഷേപം തുടരുകയായിയരുന്നു.
ഇതിനിടെ, രാഹുൽ ഈശ്വർ ഹണി റോസിന്റെ വസ്ത്രധാരണത്തെ പരസ്യമായി വിമർശിച്ചതും അധിക്ഷേപങ്ങൾക്ക് കാരണമായി. പിന്നാലെ ഹണി റോസിന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും താഴെ ആളുകൾ മോശം കമന്റുകൾ കുറിച്ചിരുന്നു. സംഭവത്തിൽ രാഹുൽ ഈശ്വറിനെതിരെയും താരം പരാതി നൽകിയിട്ടുണ്ട്.
ഹണി റോസിനെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഹണി റോസ് ഉൾപ്പെടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങൾക്കായി ക്ഷണിക്കുമെന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്. മാർക്കറ്റിംഗ് മാത്രമാണ് താൻ ഉദ്ദേശിക്കുന്നതെന്നും തന്റെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും തന്നിൽ വിശ്വാസമുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.