അയർലൻഡിനെതിരെ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ വനിതകൾ നേടിയ ഉജ്ജ്വല വിജയം ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്. എന്നാൽ വനിതാ ടീമിലെ ആക്രമണാത്മക ബാറ്റിങ്ങിന് പേരുകേട്ട ഷഫാലി വർമയ്‌ക്ക് ഈ വിജയാഘോഷങ്ങൾ വീട്ടിലിരുന്ന് ടെലിവിഷനിൽ കാണാൻ മാത്രമേ കഴിഞ്ഞുള്ളു. മോശം ഫോമിനെത്തുടർന്ന് ടീമിൽ നിന്നൊഴിവാക്കപ്പെട്ട താരം ഇപ്പോൾ താൻ കടന്നുപോയ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ്.
“ഈ അവസ്ഥ മറികടക്കുക എളുപ്പമല്ല, ടീമിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് ദിവസം മുൻപാണ് പിതാവിന് ഹൃദയാഘാതം സംഭവിച്ചത്. മാനസിക വിഷമം ഉണ്ടാകുമെന്നതിനാൽ ടീമിൽ നിന്ന് പുറത്തായ വാർത്ത പിതാവിനെ അറിയിച്ചില്ല. അദ്ദേഹം സുഖം പ്രാപിച്ച് ഒരാഴ്‌ച കഴിഞ്ഞ ശേഷമാണ് ഇക്കാര്യം പറഞ്ഞത്, ഷഫാലി പറഞ്ഞു.
തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മികച്ച ഫോമിലേക്ക് തിരികെയെത്തുമെന്നും ഷഫാലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏറ്റവും വലിയ പ്രചോദനം അച്ഛനാണ്. കുട്ടിക്കാലം മുതൽ പരിശീലങ്ങൾക്കും മത്സരങ്ങൾക്കും കൊണ്ടുപോയിരുന്നത് അദ്ദേഹമാണ്. ഇപ്പോൾ വീണ്ടും തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി പിതാവ് കൂടെയുണ്ടെന്നും ഷഫാലി പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലാണ് ഷഫാലി ഒടുവിൽ കളിച്ചത്. എന്നാൽ താരത്തിന്റെ പ്രകടനം 32,11,12 എന്നീ ചെറിയ സ്കോറുകളിൽ ഒതുങ്ങി. ഇതോടെ സെലക്ടർമാർ ഷഫാലിയെ ടീമിൽ നിന്ന് പുറത്താക്കുകയും പകരക്കാരിയായി പ്രതിക റാവലിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനകം തന്നെ ആറ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും നേടി പ്രതിക സെലക്ടറാമാരുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. ടീമിൽ നിന്ന് പുറത്തായതിന് ശേഷം ഷഫാലി കളിച്ച രണ്ട് ആഭ്യന്തര ടൂർണമെൻ്റുകളിൽ 12 മത്സരങ്ങളിൽ നിന്നായി 527 ഉം 414 ഉം റൺസ് സ്കോർ ചെയ്തിട്ടുണ്ട്.