ഇസ്ലാമബാദ്: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവ്. ഭാര്യ ബുഷ്‌റ ബീബിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയുടേതാണ് വിധി. ഇമ്രാൻഖാനെ ജയിൽ നിന്നും കോടതിയിലേക്ക് കൊണ്ടുവന്നിരുന്നതായി വാർത്ത ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ഇമ്രാൻ ഖാനും ബുഷ്റാ ബീവിയും സ്ഥാപിച്ച അൽ-ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് അഴിമതിക്കേസ്. 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്സാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ തോഷഖാന കേസിൽ ജാമ്യം ലഭിച്ചെങ്കിലും പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതിനാൽ പുറത്തിറങ്ങാനായില്ല. ഇമ്രാനെതിരെ ഇസ്‍ലാമാബാദിൽ 62 ഉം ലഹോറിൽ 54 ഉം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തോഷിബാന കേസിലെ ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് ബുഷ്‌റ ബീബി അടുത്തിടെ ജയിൽ മോചിതയായിരുന്നു. കഴിഞ്ഞ മാസം ബുഷ്‌റ ബീബിയുടെ നേതൃത്വത്തിൽ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന കൂറ്റൻ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഇമ്രാന്‍ഖാനും ബുഷ്‌റ ബീബിക്കുമെതിരേ കലാപാഹ്വാനത്തിനും രാജ്യദ്രോഹത്തിനും കേസെടുക്കുകയും ചെയ്തിരുന്നു.















