സൈബർ സുരക്ഷ ഉറപ്പാക്കാൻ സഞ്ചാർ സാഥി ആപ്പുമായി ടെലികോം മന്ത്രാലയം. 2023ൽ പുറത്തിറക്കിയ സഞ്ചാർ സാഥി പോർട്ടൽ വൻ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ എളുപ്പത്തിൽ സേവനം ലഭ്യമാക്കാൻ ആപ്പ് കൂടി പുറത്തിറക്കിയത്. മൊബൈൽ ഫോൺ മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് മന്ത്രാലത്തിന്റെ ലക്ഷ്യം.
മൊബൈൽ ഫോൺ നഷ്ടമായാൽ ബ്ലോക്ക് ചെയ്യാൻ ആപ്പിലൂടെ സാധിക്കും. കൂടാതെ നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ പരാതി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബ്ലോക്ക് ചെയ്ത ഡിവൈസുകൾ ആപ്പിലൂടെ തന്നെ അൺബ്ലോക്കും ചെയ്യാം. അനധികൃതമായി നിങ്ങളുടെ പേരിലെടുത്ത സിം ബ്ലോക്ക് ചെയ്യാനും കഴിയും. സൈബർ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർക്കും ആപ്പിലൂടെ ഫോണിന്റെ വിശ്വാസ്യത പരിശോധിക്കാം. ഫോൺ മുമ്പ് ബ്ലാക്ക് ലിസ്റ്റിൽ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും ഇതിലൂടെ അറിയാം. ഇന്ത്യൻ നമ്പർ വഴി വരുന്ന അന്താരാഷ്‌ട്ര കോളുകളും റിപ്പോർട്ട് ചെയ്യാം. പ്ലേസ്റ്റോറിൽ നിന്ന് സഞ്ചാർ സാഥി ആപ്പ് ഡൗൺലോഡ് ചെയ്ത് എസ്എംഎസ് വഴി രജിസ്ട്രേഷൻ പൂർത്തീകരിക്കാം.















