കൊൽക്കത്ത: മകളുടെ കൊലപാതകത്തിൽ മമത ബാനർജി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ജൂനിയർ ഡോക്ടറുടെ പിതാവ്. ആർജി കർ ബലാത്സംഗം കൊലപാതകക്കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യഘട്ടത്തിൽ മമത സർക്കാർ കാണിച്ച അനാസ്ഥയാണ് ശിക്ഷ കുറഞ്ഞ് പോകാൻ കാരണമെന്ന് പിതാവ് കുറ്റപ്പെടുത്തി. വിധിയുടെ പകർപ്പ് ലഭിച്ച ശേഷം എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും. മമത ബാനർജി തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടതില്ല. ഇതുവരെ ചെയ്തത് തന്നത് തന്നെ ധാരാളം. സംഭവത്തിന് പിന്നാലെ തെളിവ് നശിപ്പാക്കാനാണ് പൊലീസും ഭരണകൂടവും ശ്രമിച്ചത്. ഇതെല്ലാം മമതയ്‌ക്കും അറിവുള്ളതല്ലേ. ശരിയായ തെളിവുകളുടെ അഭാവം കൊണ്ടാണ് ശിക്ഷ ജീവപര്യന്തമായി കുറഞ്ഞതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സീൽദാ കോടതി പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് വധശിക്ഷ ഒഴിവാക്കിയത്. കൂടാതെ, 17 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് ബംഗാൾ സർക്കാർ നൽകണമെന്നും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തങ്ങൾക്ക് സർക്കാരിൽ നിന്നും നഷ്ടപരിഹാരമല്ല നീതിയാണ് വേണ്ടതെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചിരുന്നു.
ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കൊൽക്കത്ത പൊലീസും മെഡിക്കൽ കോളേജ് അധികൃതരും ശ്രമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തെളിവുകൾ ഇല്ലാതാക്കിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ നടന്ന ആശുപ്രതി ആക്രമണവും ഇത് ശരിവെക്കുന്നതായിരുന്നു. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് അന്വേഷണം ശക്തമായത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ തെളിവ് ശേഖരണത്തിൽ പൊലീസ് കാണിച്ച മെല്ലപ്പോക്ക് ശിക്ഷയുടെ കാഠിന്യത്തെ പൊലും ബാധിക്കുകയായിരുന്നു.