പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്‌ക്കുള്ള ടീമിലാണ് താരം ഇടം നേടിയത്. വൈകിട്ട് 7 മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം.
ഇപ്പോഴിതാ താൻ നേരിട്ട വെല്ലുവിളികളും തിരിച്ചുവരവിന്റെ കഥയും വിവരിക്കുന്ന ഷമിയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ. വീടിന്റെ മട്ടുപ്പാവിൽ പട്ടം പറത്തുന്നതിനിടെ തന്റെ പതിനഞ്ച് വർഷത്തെ ക്രിക്കറ്റ് ജീവിതത്തെയും നേരിട്ട ഉയർച്ച-താഴ്‌ച്ചകളെയും കുറിച്ച് വീഡിയോയിൽ ഷമി വിവരിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ ആത്മവിശ്വാസവും ഇച്ചാശക്തിയും പ്രധാനമാണെന്ന് ഷമി പറഞ്ഞു.
“പട്ടം പറത്തുകയോ ബൗൾ ചെയ്യുകയോ കാർ ഓടിക്കുകയോ ആവട്ടെ, എന്തുചെയ്താലും ആത്മവിശ്വാസം പ്രധാനമാണ്.15 വർഷത്തിന് ശേഷവും എനിക്ക് ഈ പട്ടം പറത്താൻ കഴിയും. ആത്മവിശ്വാസമാണ് ഏതുജോലിയെയും എളുപ്പമാക്കുന്നത്,”ഷമി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമ്പോൾ, എല്ലാവരും നിങ്ങളെ പിന്തുണയ്‌ക്കുന്നു, എന്നാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് നിങ്ങളുടെ കൂടെ നിൽക്കുന്നത് ആരാണെന്ന് അറിയാനാവുക. മികച്ച ഫോമിലായിരിക്കുമ്പോൾ കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പരിക്കുകൾ കളിക്കാരെ കൂടുതൽ ശക്തരാക്കുമെന്നും ഷമി പറഞ്ഞു.
After testing times & a long wait, he is back to don the blues 💙
For Mohd. Shami, it's only "UP & UP" 👆🏻 from here on
WATCH 🎥🔽 #TeamIndia | #INDvENG | @MdShami11 | @IDFCFIRSTBank https://t.co/V03n61Yd6Y
— BCCI (@BCCI) January 22, 2025
2023 ഐസിസി ലോകകപ്പിലാണ് ഷമി ഇന്ത്യക്കായി അവസാനമായി കളിച്ചത്. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബൗളറും ഷമിയായിരുന്നു. എന്നാൽ പരിക്ക് വില്ലനായതോടെ ഐസിസി ടി20 ലോകകപ്പ് ഉൾപ്പെടെ നിരവധി പരമ്പരകൾ താരത്തിന് നഷ്ടമായി. 2013ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 ടെസ്റ്റുകളും 101 ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 11 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 448 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബുമ്രയുടെ പരിക്കിൽ അനിശ്ചിതത്വം തുടരുമ്പോൾ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയുടെ പങ്ക് നിർണായകമാകുമെന്നുറപ്പാണ്.